
കിളിമാനൂർ: നവകേരള സദസിൽ പരാതി നൽകിയ കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരൻ സഞ്ജുവിന് പട്ടയമായി. സെറിബ്രൽ പാൾസി ബാധിച്ച സഞ്ജുവും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന ടാർപ്പോ കെട്ടിയ വീട്ടിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ കുട്ടിക്ക് പൂർണ സമയവും മാതാപിതാക്കളുടെ സാമീപ്യവും സംരക്ഷണവും ആവശ്യമുള്ളതിനാൽ രക്ഷിതാക്കൾക്ക് ജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാൽത്തന്നെ സാമ്പത്തിക ബുദ്ധിമുട്ടും രൂക്ഷമായി. സഞ്ജുവിന്റെ പഠനം ശരിയായവിധം മുന്നോട്ട് കൊണ്ടുപോവാൻ കഴിയാതെ വന്നതിനെത്തുടർന്നാണ് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരു വീടൊരുക്കാം എന്ന ആശയത്തിലേക്ക് വന്നത്. ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകവെയാണ് പട്ടയമില്ലെന്ന കാര്യം മനസിലായത്. സഞ്ജുവിന്റെ അമ്മൂമ്മയുടെ പേരിലുണ്ടായിരുന്ന പട്ടയത്തിന്റെ പകർപ്പ് 2018ലെ പ്രളയത്തിൽ നശിച്ചു പോയി. അദ്ധ്യാപകർ ബന്ധപ്പെട്ട ഓഫീസുകൾ കയറിയിറങ്ങി സഞ്ജുവിന്റെ പേരിലേക്ക് മാറ്റി കരമൊടുക്കിയെങ്കിലും പട്ടയം ലഭിക്കാത്തതിനെത്തുടർന്നാണ് ഡിസംബർ 21ന് ആറ്റിങ്ങൽ മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ അപേക്ഷ നൽകിയത്. 35 വർഷമായി ലഭ്യമാകാതിരുന്ന പട്ടയമാണ് ഒറ്റമാസം തികയുംമുൻപ് നടപടികൾ പൂർത്തീകരിച്ച് ലഭ്യമായത്. മന്ത്രി വി.ശിവൻകുട്ടി പട്ടയം കുടുംബത്തിന് കൈമാറി.