
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര -കാട്ടാക്കട റൂട്ടിൽ ട്രക്കറുകൾ അലക്ഷ്യമായി സർവീസ് നടത്തിയിട്ടും വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ മേട്ടോർ വാഹനവകുപ്പ്. ക്ലീനർമാർ ഇല്ലാതെ സർവീസ് നടത്തുന്ന വാഹനങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ക്ലീനർമാർ ഇല്ലാത്തതിനാൽ വാഹനത്തിൽ സഞ്ചരിക്കുന്നവർ യാത്രാത്തുക ഡ്രൈവർക്ക് കൈമാറുകയാണ് പതിവ്. ട്രക്കിന്റെ ഇടത് ഭാഗത്തും പിറകിലുമായി ഇരിക്കുന്നവർ വലത് ഭാഗത്തിരിക്കുന്ന ഡ്രൈവറുടെ അടുത്തെത്തിവേണം പണം നൽകാൻ.
വലതുഭാഗത്തെത്തി പണം നൽകുന്നത് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ കാരണമാകുന്നു. ഇങ്ങനെ അപകടങ്ങൾ നെയ്യാറ്റിൻകര കാട്ടാക്കട റൂട്ടിൽ ഉണ്ടായെങ്കിലും നിരവധിപേർ രക്ഷപ്പെട്ടിട്ടുമുണ്ട്. ടൂവീലറിൽ സഞ്ചരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയ പൊലീസും മോട്ടോർ വാഹന വകുപ്പുമാണ് യാതൊരു സുരക്ഷയുമില്ലാതെ സർവീസ് നടത്തുന്ന ട്രക്കർ ഡ്രൈവർമാരെ സംരക്ഷിക്കുന്നത്. ഹെൽമെറ്റും സീറ്റ്ബെൽറ്റുമൊന്നുമില്ലാതെ വാഹനമോടിക്കുന്ന ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.