
തിരുവനന്തപുരം: ക്ലാസിലായിരിക്കും നിഖിൽ വിനോദ് അപ്പോൾ. പക്ഷേ ആ മനസ് അമ്മയ്ക്കും അനുജനുമടുത്തായിരിക്കും. ഓട്ടിസം ബാധിച്ച അനുജൻ അപ്പു (16) കഴിക്കാനും ഉറങ്ങാനുമെല്ലാം നിഖിൽ ഒപ്പമുണ്ടാകണം. പാർക്കിൻസൻസ് രോഗം കീഴടക്കിയ അമ്മ ഷീബയ്ക്കും അത്താണിയാണ്. പ്രതിസന്ധികളെ ആട്ടിയോടിച്ച് പഠനത്തിനൊപ്പം വീടിനേയും നയിക്കുകയാണ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയായ ഈ പതിനെട്ടുകാരൻ.
രാവിലെ നാലരയ്ക്ക് ഉണരും. ഷെഫാകാൻ ആഗ്രഹിക്കുന്ന നിഖിൽ അടുക്കളയിൽ തന്റെ കഴിവുകൾ പുറത്തെടുക്കും. ചിലപ്പോൾ തലേദിവസമേ ചോറുണ്ടാക്കി ഫ്രിഡ്ജിലാക്കും. അമ്മയാണ് പാചകം പഠിപ്പിച്ചത്. അമ്മയും അനുജനും എഴുന്നേൽക്കുമ്പോൾ ഭക്ഷണവും മരുന്നും എടുത്തുകൊടുക്കും. ഏഴരയോടെ സ്കൂളിലേക്ക്. വൈകിട്ടെത്തുമ്പോൾ പടിവാതിൽക്കൽ അപ്പുവുണ്ടാകും. അപ്പുവിന്റെ മുഷിഞ്ഞ ഉടുപ്പ് മാറ്റി കുളിപ്പിക്കുന്നതും ടോയ്ലറ്റിൽ കൊണ്ടുപോകുന്നതും നിഖിലാണ്. ചിലപ്പോൾ അച്ഛനെ പോലെ ശാസിക്കും.
എല്ലാം കഴിഞ്ഞ് പഠിക്കാനിരിക്കും. രാത്രി വൈകുവോളം അത് തുടരും. ട്യൂഷനൊന്നുമില്ലാതെ ഒറ്റയ്ക്കാണ് പഠനം. പച്ചക്കറികൾ വിലപേശി വാങ്ങാനും നിഖിലിനറിയാം. ഓട്ടോക്കൂലി ലാഭിക്കാൻ കടയിലേക്ക് നടക്കാറുമുണ്ട്. ആ പൈസ സ്വരുക്കൂട്ടി അനിയന് ഉടുപ്പുവാങ്ങും. പലദിവസങ്ങളിലും നാലുമണിക്കൂർ മാത്രമാണ് ഉറക്കം.
അച്ഛന്റെ മരണം കടക്കാരാക്കി
2015ൽ ഗൾഫിലായിരുന്ന അച്ഛൻ വിനോദിന്റെ ആകസ്മിക മരണമാണ് വിനോദിന്റെ കുടുംബത്തെ ഇരുട്ടിലാക്കിയത്. അന്ന് നിഖിലിന് ഒമ്പതു വയസ്. മെഡിക്കൽ കോളേജിന് സമീപത്തായിരുന്നു താമസം. വിനോദിന്റെ മരണത്തോടെ സാമ്പത്തികമായി തകർന്നു. തുടർന്ന് വീട് വിറ്റു. കേശവദാസപുരത്തെ വാടക വീട്ടിലേക്ക് മാറി. രണ്ടുവർഷം മുമ്പാണ് ഷീബയ്ക്ക് പാർക്കിൻസൺസ് രോഗം ബാധിച്ചത്. ഒരു മെഷീൻ വിതരണ കമ്പനിയുടെ ഏജന്റായ ഷീബയ്ക്ക് ലഭിക്കുന്ന കമ്മിഷനാണ് ഏക വരുമാനം. ഷീബയുടെ ആദ്യ ഭർത്താവും മകനും 2001ൽ കാർ അപകടത്തിൽ മരിച്ചിരുന്നു. ഷീബ രണ്ടുമാസം കോമയിലായിരുന്നു. 2004ലാണ് വിനോദിനെ വിവാഹം കഴിച്ചത്.
'വിഷമങ്ങൾ ഇല്ലാത്തവരില്ല. പക്ഷേ ബോൾഡായി നേരിടാനാണ് എനിക്കിഷ്ടം. ആരും കാണാതെ മുറി പൂട്ടിയിരുന്ന് കരഞ്ഞിട്ടുണ്ട്. പക്ഷെ, തോറ്റുകൊടുക്കില്ല"
- നിഖിൽ