police

ജനങ്ങളോട് പൊലീസിന്റെ മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പ്രഖ്യാപിച്ച് സംസ്ഥാന പൊലീസ് മേധാവിയായി അധികാരമേറ്റ ഷേഖ് ദർവേഷ് സാഹിബിന് കഴിഞ്ഞ ദിവസം പൊലീസിന്റെ മോശം പെരുമാറ്റത്തിന് മറുപടി പറയാൻ ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരാവേണ്ടി വന്നു. ജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം തടയാൻ ഹൈക്കോടതി വീണ്ടും വടിയെടുത്തിരിക്കുകയാണ്. ഏതാനും വർഷങ്ങളായി പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. പക്ഷേ ഫലമില്ലെന്ന് മാത്രം.

പൊലീസ് സേനയിൽ ബഹുഭൂരിപക്ഷവും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നവരും മികച്ച രീതിയിൽ പെരുമാറുന്നവരുമാണ്. എന്നാൽ അങ്ങനെയല്ലാത്ത ചെറിയൊരു വിഭാഗം പൊലീസുകാർ സേനയ്ക്കാകെ അവമതിപ്പുണ്ടാക്കുകയാണ്. ജനങ്ങളോടുള്ള ‘എടാ’, ‘പോടാ’, ‘നീ’ വിളികൾ പൊലീസ് മതിയാക്കണമെന്നാണ് ഹൈക്കോടതിയുടെ താക്കീത്. ‘ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ; ആരും ആരുടെയും താഴെയല്ല. മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നത്. ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഡി.ജി.പി വീണ്ടും സർക്കുലർ ഇറക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പലവട്ടം താക്കീത് നൽകിയതാണ്. ഇക്കാര്യം ഉറപ്പിക്കാൻ ഡി.ജി.പി പലവട്ടം സർക്കുലറുകളിറക്കി. യുവപൊലീസുകാരുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയായിരിക്കണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തണമെന്നുമാണ് സർക്കാർ നിർദ്ദേശം. പൊലീസിന്റെ നടപടികൾ സർക്കാരിന് നാണക്കേടായതോടെ മുഖ്യമന്ത്രി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് 'തെറ്റുതിരുത്തൽ' പ്രക്രിയയ്ക്ക് തുടക്കമിട്ടിരുന്നു. എത്ര മികവുണ്ടെങ്കിലും ഒരു മോശം കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അതായിരിക്കും പൊലീസിന്റെ മുദ്റയായി ജനങ്ങൾ കാണുന്നതെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥർ തങ്ങൾ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഏത് അവസ്ഥയിലും സഭ്യേതര പദപ്രയോഗം പാടില്ല. പരാതിക്കാർക്ക് സഹാനുഭൂതി പകരുന്ന തരത്തിലാവണം പെരുമാറ്റം തുടങ്ങിയ നിർദ്ദേശങ്ങളും ഫലംകണ്ടില്ല.

പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുകയും ധാർഷ്‌ട്യം കാട്ടുകയും ചെയ്യുന്ന പൊലീസിന് ശക്തമായ മുന്നറിയിപ്പെന്നോണം, കേസുകളിൽ കുടുങ്ങിയ എസ്.ഐയ്ക്ക് അനുവദിച്ച പൊലീസ് മെഡൽ തിരിച്ചെടുത്ത് മുഖ്യമന്ത്രി സേനയ്ക്ക് സന്ദേശം നൽകിയിരുന്നു. 2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി.നടേശനെതിരെയാണ് നടപടിയെടുത്തത്. പക്ഷപാതവും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളും ഉപേക്ഷിച്ച് നീതിനിർവഹണത്തിൽ ജനങ്ങളുടെ പക്ഷത്തു നിൽക്കണമെന്നാണ് സർക്കാർ പൊലീസിനോട് ആവർത്തിക്കുന്നത്. എന്നിട്ടും ഫലമില്ല. പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ഹൈക്കോടതി ഒടുവിൽ പൊലീസിന് താക്കീത് നൽകിയത്.

കാക്കിയുടെ ബലത്തിൽ കൈയൂക്ക് കാട്ടുന്ന പൊലീസുകാർ ഇനി ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും സർക്കാർ ഉത്തരവിറക്കിയിരുന്നു. കസ്റ്റഡി മർദ്ദനമോ കള്ളക്കേസോ ഉണ്ടായാൽ, കോടതികൾ വിധിക്കുന്ന നഷ്ടപരിഹാരം കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് ഈടാക്കാനാണ് തീരുമാനം. കസ്റ്റഡി മർദ്ദനത്തിന് ക്രിമിനൽ കേസും അച്ചടക്ക നടപടിയും വകുപ്പുതല അന്വേഷണവും നേരിടേണ്ടി വരും. ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും ചെവിക്കൊള്ളാത്ത സേനയിലെ ഒരു വിഭാഗത്തിനുള്ള സർക്കാരിന്റെ ഷോക്ക്ട്രീറ്റ്മെന്റാണിത്. ഹരിപ്പാട്ടെ ഒരു കേസിൽ നഷ്ടപരിഹാരം നൽകിയായിരുന്നു ഈ ഉത്തരവ്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ പൊലീസ് പീഡനം നേരിടുകയും ജോലി നഷ്ടമാവുകയും ചെയ്ത നമ്പിനാരായണന് 1.90 കോടി സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.

സാധാരണക്കാരന്റെ

അവസാന ആശ്രയം

അവസാന ആശ്രയമെന്ന നിലയിൽ പൊലീസ് സ്​റ്റേഷനുകളെ സമീപിക്കുന്ന സാധാരണക്കാരുടെ ദുഃഖവും വേദനയും മനസിലാക്കാൻ പൊലീസുകാർക്ക് കഴിയണമെന്നാണ് മുൻ ഡി.ജി.പി ലോക്നാഥ് ബെഹറ സേനാംഗങ്ങൾക്ക് സർക്കുലർ അയച്ചത്. മോശം പെരുമാറ്റമെന്ന് പരാതിയുണ്ടായാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസുകാർക്കായിരിക്കും. പരാതിക്കാർക്ക് മനോവേദനയുണ്ടാക്കുന്ന പെരുമാറ്റം സ്റ്റേഷനുകളിലെ പൊലീസുകാരിൽ നിന്നുണ്ടാവുന്നു. ഇത് ജനങ്ങൾക്ക് പൊലീസിനോട് വെറുപ്പും അവജ്ഞയും ഉണ്ടാകാനിടയാക്കും. കൃത്യമായ ഇടപെടലുകളും അനുകമ്പയോടെയുള്ള പെരുമാ​റ്റവുമാണ് പൊലീസിന് വേണ്ടത്. എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലും പുറത്തും മാന്യതയോടെ പെരുമാറണം. സാധാരണക്കാർക്ക് ഉദ്യോഗസ്ഥരെ നേരിൽക്കാണാനും പരാതി നൽകാനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കണം. ഉന്നത ഉദ്യോഗസ്ഥരെ കാണാൻ അവസരമില്ലാത്തത് ജനങ്ങളിൽ മോശം പ്രതിച്ഛായയുണ്ടാക്കും. വിവരങ്ങൾ കൈമാറാനും അന്വേഷണപുരോഗതി മനസിലാക്കാനും സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. മുതിർന്ന ഉദ്യോഗസ്ഥനെ കാണാൻ ഉദ്ദേശിക്കുന്നവർക്ക് എത്രയും വേഗം അതിന് സൗകര്യമൊരുക്കണം.

മര്യാദയുടെ പാഠങ്ങൾ

സ്റ്രേഷനിൽ വരുന്നവരോടും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇടപെടേണ്ടി വരുന്നവരോടും മാന്യമായും മര്യാദയോടെയും പെരുമാറണം. ഔദ്യോഗിക ഫോണിലെ കോളുകൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം.

വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനുകളിലെത്തുന്നവരെ കാലതാമസം വരുത്താതെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് കാണണം. സേവനം വേഗത്തിൽ ലഭിക്കുന്നെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം.

പരാതി ലഭിച്ചാലുടൻ കൈപ്പറ്റ് രസീത് നൽകണം. അന്വേഷണം പൂർത്തിയാകുമ്പോൾ പരാതിക്കാരന് കൃത്യമായ മറുപടി നൽകണം. പരാതി കൊഗ്നൈസബിൾ ആണെങ്കിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യണം.

സ്റ്റേഷനിലെത്തുന്ന മുതിർന്ന പൗരന്മാർ, സ്ത്രീകൾ, കുട്ടികൾ, അവശത നേരിടുന്ന മറ്റു വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം.

പൊതുജനങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറിൽ ബന്ധപ്പെടുമ്പോൾ അവരോട് മാന്യമായി ഇടപെടുകയും ആവശ്യങ്ങൾ മനസ്സിലാക്കി നടപടി സ്വീകരിക്കണം.

(ഡി.ജി.പിയുടെ മുൻ സർക്കുലർ)

''പൊലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരവുമായിരിക്കണം. കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോൾ ഉയർന്ന സാംസ്‌കാരിക നിലവാരം പുലർത്തുകയും വേണം.

എത്ര മികവുകൾ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു മോശം കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അതായിരിക്കും പൊലീസിന്റെ മുദ്റയായി ജനങ്ങൾ കാണുന്നത്.''

-പിണറായി വിജയൻ,

മുഖ്യമന്ത്രി