
കിളിമാനൂർ: ഓരോ വേനൽവരുമ്പോഴും അധികൃതർ തടയണയും തോടും നിർമ്മിക്കുന്നതിന്റെ അലോചനയിലാണ്. പിന്നെ ഇതിനുള്ള തയ്യാറെടുപ്പിലും ധൃതിയുമാണ്. ഇതുകണ്ട് പൊതുജനം ആശ്വസിക്കും ഇനി അടുത്ത വരൾച്ചയിൽ ഇതുപോലെ ഓടേണ്ടല്ലോ എന്ന് ആശ്വസിക്കും. എന്നാൽ വേനൽ മാറി മഴ വരുമ്പോൾ ഈ തയടണയും ജലക്ഷാമവും മഴയ്ക്കൊപ്പം ഒലിച്ചുപോകും. ഇപ്രാവശ്യവും വേനൽ എത്തി പ്രദേശത്തെ നദികൾ വരണ്ടുതുടങ്ങി. വാമനപുരം ആറ്, ചിറ്റാർ എന്നിവിടങ്ങളിൽ തടയണ നിർമ്മിക്കുമെന്നും അതുവഴി വേനൽക്കാലത്തെ ജലക്ഷാമം ഒഴിവാക്കാമെന്നും അധികൃതർ ഓരോ തവണയും ആവർത്തിക്കുമെന്നല്ലാതെ ഇതുവരെ ഫലത്തിൽ വന്നിട്ടില്ല. പ്രദേശത്തെ മുഴുവൻ കുടിവെള്ള പദ്ധതികളും വാമനപുരം ആറിനെയും ചിറ്റാറിനെയും ആശ്രയിച്ചാണ്. മഴക്കാലത്ത് സമൃദ്ധമായി നിറഞ്ഞൊഴുകുന്ന ഈ പുഴകളിലെ ജലം തടയണകളോ മറ്റോ ഇല്ലാത്തതിനാൽ ഒഴുകിപ്പോവുകയാണ് പതിവ്.
 പരിഹാരം വേണം
വേനൽക്കാലങ്ങളിൽ ചാക്കുകളിൽ മണൽ നിറച്ചും മുളങ്കമ്പു കൊണ്ടുമൊക്കെ താത്കാലിക തടയണകൾ നിർമ്മിക്കുമെങ്കിലും ഇതെല്ലാം മഴക്കാലത്ത് കുത്തിയൊലിച്ച് പോകാറാണ് പതിവ്. വർഷംതോറും ഇതിനു വേണ്ടിയും ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതിന് പകരമായി സ്ഥിരം തടയണകൾ നിർമ്മിക്കുകയും ഓരോ വേനൽക്കാലത്തെ ജലക്ഷാമത്തിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
 വാമനപുരം, പോത്തൻകോട്, നെടുമങ്ങാട് ബ്ലോക്ക് പരിധികളിലും വർക്കല, ആറ്റിങ്ങൽ നഗരസഭ പരിധിയിലും പുളിമാത്ത് പഞ്ചായത്ത് പരിധിയിലെയും പ്രധാന ജല സ്രോതസ് ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസായ വാമനപുരം നദി.
 1800 ഘന അടിയാണ് ജല സമ്പത്ത്. ഇതിൽ 800 ഘന അടി വെള്ളം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് പഠന റിപ്പോർട്ട്
 നദിയുടെ സംരക്ഷണത്തിനും കുടിവെള്ള പദ്ധതികൾക്കുമായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും ഒന്നും നടപ്പിലാകുന്നില്ല.
 തടയണ വേണം
തടയണകൾ നിർമ്മിച്ചാൽ കുടിവെള്ള പദ്ധതികൾ വഴി ജലവിതരണം തടസ്സപ്പെടുത്താതെ വിതരണം ചെയ്യാം. സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും നീർത്തടങ്ങളിലും ജല സമൃദ്ധിയുണ്ടാക്കാം. വർഷംതോറും താത്കാലിക തടയണകൾ നിർമ്മിക്കുന്നത് മാറ്റി പാഴ്ച്ചെലവ് ഒഴിവാക്കാം.