medi

തിരുവനന്തപുരം: അദ്ധ്യാപകരെ പങ്കു വച്ച് മെഡിക്കൽ കോളേജുകൾ നടത്തുന്ന തട്ടിപ്പിന് തടയിട്ട് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി). അദ്ധ്യാപകരുടെ ഹാജർ എല്ലാ കോളേജുകളിലും ആധാർ അധിഷ്‌ഠിത ബയോമെട്രിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തുകയും ക്ലാസെടുക്കാൻ മതിയായ അദ്ധ്യാപകരുണ്ടോയെന്ന് ക്യാമറാ നിരീക്ഷണം നടത്തുകയും ചെയ്യും. ഓരോ പഠന വകുപ്പിലും കുറവുള്ള അദ്ധ്യാപകരുടെ എണ്ണം സഹിതം കേരളത്തിലെ 3 ഗവ.കോളേജുകളടക്കം 12കോളേജുകൾക്ക് എൻ.എം.സി നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം കുറവ് പരിഹരിച്ചില്ലെങ്കിൽ എം.ബി.ബി.എസ് സീറ്റുകൾ വെട്ടിക്കുറയ്ക്കും.

മെഡിക്കൽ കമ്മിഷൻ കോളേജ് പരിശോധനയ്ക്കെത്തുന്ന ദിവസം, മറ്റ് കോളേജുകളിൽ നിന്ന് അദ്ധ്യാപകരെ താത്കാലികമായി എത്തിച്ച് എണ്ണം തികയ്ക്കുന്നതായിരുന്നു പതിവ്. പരിശോധനാ ദിവസത്തെ ഹാജർ നിലയ്ക്കു പകരം എല്ലാ ദിവസത്തെയും അദ്ധ്യാപകരുടെ എണ്ണമാണ് കമ്മിഷൻ പരിശോധിക്കുന്നത്. ഇതിനായാണ് ആധാർ അധിഷ്‌ഠിത ഹാജർ. വിരൽത്തുമ്പ് വച്ച് ഹാജർ രേഖപ്പെടുത്തുമ്പോൾ അത് കമ്മിഷന്റെ സെർവറിലും രേഖയാവും. ഒരാൾക്ക് ഒന്നിലധികം കോളേജുകളിൽ ഹാജർ രേഖപ്പെടുത്താനാവില്ല. ഇന്ത്യയിലെ എല്ലാ കോളേജുകളിലെയും അദ്ധ്യാപക ഹാജർ രേഖ ഇതിലൂടെ കമ്മിഷന് ലഭിക്കും.

സ്ഥിരം അദ്ധ്യാപകരെ നിയമിച്ചില്ലെങ്കിൽ സീറ്റെണ്ണം കുറയ്ക്കുകയും കോഴ്സിന് അംഗീകാരം നഷ്ടമാവുകയും ചെയ്യും. അദ്ധ്യാപകരുടെ 10% വരെ കുറവ് കമ്മിഷൻ അംഗീകരിക്കും. മിക്കയിടത്തും 30- 50% കുറവുണ്ട്. സർക്കാർ കോളേജുകളിൽ പ്രൊഫസർ അടക്കം അദ്ധ്യാപകരുടെയും റസിഡന്റുമാരുടെയുമുൾപ്പെടെ 344 ഒഴിവുകളുണ്ടായിരുന്നു. 262അദ്ധ്യാപക തസ്തികകൾ ഡിസംബറിൽ അനുവദിച്ചെങ്കിലും ഇത് മതിയാവില്ല. എം.ബി.ബി.എസ് കോഴ്സിന്റെ അംഗീകാരം നഷ്ടമാവുന്നതൊഴിവാക്കാൻ അദ്ധ്യാപക നിയമനത്തിന് എല്ലാ കോളേജുകൾക്കും ആരോഗ്യ സർവകലാശാല കത്തയച്ചു.. ഒ.പികളിലെത്തുന്ന രോഗികളുടെ എണ്ണം നിരീക്ഷിക്കാൻ 24ക്യാമറകൾ മെഡിക്കൽ കോളേജുകളിൽ സ്ഥാപിച്ചു . കൺസൾട്ടേഷൻ, ഓപ്പറേഷൻ തീയേറ്റർ എന്നിവിടങ്ങളിൽ രോഗികളുടെ സ്വകാര്യത മാനിച്ച് ക്യാമറകൾ സ്ഥാപിക്കില്ല.

''കോളേജുകളുടെ അഫിലിയേഷനും സീറ്റ് നിലനിറുത്താനും ആവശ്യത്തിന് അദ്ധ്യാപകരും രോഗികളുമുണ്ടാവണം. സ്ഥിരം അദ്ധ്യാപക നിയമനത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.''

-ഡോ.മോഹനൻ കുന്നുമ്മേൽ

ആരോഗ്യ വാഴ്സിറ്റി വി.സി