
തിരുവനന്തപുരം: എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനും അപഹസിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പാർട്ടി അതിനെ പ്രതിരോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വസ്തുതാപരമായ റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. എക്സാലോജിക്ക് ഉണ്ടാക്കിയിട്ടുള്ള കരാറുകളെക്കുറിച്ച് പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സി.പി.എമ്മിനെയും സർക്കാരിനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എക്സാലോജിക്കനെതിരായ അന്വേഷണം. ലോക് സഭാ തിരഞ്ഞെടുപ്പ് വരെ ഇത്തരം കാര്യങ്ങൾ വന്നു കൊണ്ടിരിക്കും. 1991-ൽ ആലോചന തുടങ്ങി 96ലാണ് കെ.എസ്.ഐ.ഡി.സിയും സി.എം.ആർ.എല്ലും കരാറുണ്ടാക്കുന്നത്. സി.എം.ആർ.എൽ ഓഹരികൾ കെ.എസ്.ഐ.ഡി.സി വാങ്ങിയിട്ടുണ്ട്. 75 കമ്പനികളിൽ ഇതേ പോലെ നിക്ഷേപമുണ്ട്. നാലരക്കോടിയോളം ലാഭവിഹിതമായി ലഭിച്ചിട്ടുമുണ്ട്. പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലുണ്ടായതും സമാനമായ സംഭവങ്ങളാണ്. കോൺഗ്രസ് നേതാക്കളും സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്രിയിട്ടുണ്ട്. അവർ നിഷേധിച്ചിട്ടുമില്ല. അതേക്കുറിച്ചും അന്വേഷണം വേണ്ടേ?.
ബിനീഷ് കോടിയേരിയുടെ കേസും വീണാ വിജയൻ ഉൾപ്പെട്ട കേസും വ്യത്യസ്തമാണ്. ബിനീഷിന്റെ കേസിൽ പാർട്ടി ഇടപെടേണ്ടതില്ലെന്ന് തുറന്ന മനസോടെ കോടിയേരി യാണ് പറഞ്ഞത്.
ചിത്രയും ശോഭനയും നാടിന്റെ പൊതു സ്വത്ത്
രാമക്ഷേത്ര നിർമ്മാണത്തെ ബി.ജെ.പി തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. രാമക്ഷേത്ര വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ ഗായിക കെ.എസ്.ചിത്രയെ എതിർക്കുന്ന നിലപാട് സി.പി.എമ്മിനില്ല. ചിത്രയും ശോഭനയുമൊക്കെ നാടിന്റെ പൊതു സ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കി കാട്ടേണ്ടതില്ല. ഏതെങ്കിലും വിഷയത്തിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ എം.ടി അടക്കം ആരെയും തള്ളിപ്പറയേണ്ടതുമില്ല.
കേന്ദ്രത്തിനെതിരെ ഡൽഹിയിൽ ഫെബ്രുവരി എട്ടിന് മന്ത്രിമാരും ജനപ്രതിനിധികളും നടത്തുന്ന സമരത്തോട് സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യു.ഡി.എഫിൽ പൂർണ്ണ പിന്തുണയില്ലെന്നാണ് മനസിലാവുന്നത്. അവകാശപ്പെട്ട വിഹിതം പോലും കൃത്യമായി നൽകാതെ കേരളത്തെ വെല്ലുവിളിക്കുകയാണ് കേന്ദ്രം. രാഷ്ട്രീയ കാരണത്താലാണ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന പ്രതിപക്ഷ വിശദീകരണം ജനങ്ങളോടൊപ്പം നിൽക്കാനാവില്ലെന്ന പരസ്യ നിലപാടാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ഇരുകൂട്ടരും പരസ്പര ധാരണയിൽ: സതീശൻ
മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കാതെ കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തെ ഏൽപ്പിച്ചത്.
ഇരുകൂട്ടരും പരസ്പരം ധാരണയിലാണ്. എന്നിട്ടാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗവർണറുമായി ഏറ്റുമുട്ടുന്നതും ഡൽഹിയിൽ സമരം ചെയ്യാൻ പോകുന്നതും. മോദിക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ കൈകൂപ്പിയുള്ള നിൽപ്പ് എല്ലാത്തിനുമുള്ള മറുപടിയാണ്. സംസ്ഥാന സർക്കാരുമായി ചേർന്ന് ഡൽഹിയിൽ പോയി സമരം ചെയ്യാനില്ലെന്ന് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കും. എൽ.ഡി.എഫുമായി ചേർന്നുള്ള ഒരു സമരത്തിനുമില്ല. ഇത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സർക്കാരാണ്.