karimani-kulam

പാറശാല: പഞ്ചായത്തിലെ മുള്ളുവിള വാർഡിലെ കരിമാനിക്കുളം കാടും ചതുപ്പും നിറഞ്ഞ് ഉപയോഗശൂന്യമല്ലാതായിട്ട് കാലങ്ങൾ ഏറെയായി. രണ്ടര ഏക്കറോളം വിസ്തീർണമുള്ള കുളം മുൻകാലങ്ങളിൽ ജലസമ്പുഷ്ടമായിരുന്നു. നെയ്യാർ ഇടതുകര ചാനലിൽ നിന്നുള്ള വെള്ളവും തമിഴ്‌നാട്ടിലെ വിളവൻകോട് താലൂക്കിലേക്ക് എത്തിച്ചേരുന്ന സബ് ചാനലിലൂടെ ഒഴുകിയെത്തിയിരുന്ന വെള്ളവും മഴവെള്ളവുമാണ് കുളത്തിന്റെ ജലസ്രോതസ്. ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ് മുള്ളുവിള, നടുത്തോട്ടം, കാരാളി, മുറിയത്തോട്ടം തുടങ്ങിയ ഏലകളിലെ കർഷകർ കൃഷി നടത്തിയിരുന്നത്. കൂടാതെ നാട്ടുകാർക്ക് കുളിക്കുന്നതിനും കന്നുകാലികളെ കുളുപ്പിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുളം നിറയെ കാട് മൂടിയതോടെ പ്രദേശത്തെ ജലസ്രോതസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

 ജലസംഭരണികൾ നാശത്തിൽ

മുല്ലപ്പെരിയാർ കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലേക്ക് വെള്ളം കടത്തിവിടുന്നതിനുള്ള കരാർ അവസാനിച്ചതിനാൽ തമിഴ്‌നാട്ടിലേക്ക് കനാലിലൂടെ വെള്ളം കടത്തിവിടുന്നതും നിറുത്തിവച്ചു. ഇതോടെ പ്രദേശത്തെ കുളങ്ങൾ ഉൾപ്പെടെയുള്ള ജലസംഭരണികളുടെ നാശവും തുടങ്ങി.

 കൃഷിയും അന്യം

വെള്ളമില്ലാത്ത കുളം നശിച്ചതോടുകൂടി പരിസരപ്രദേശങ്ങളിലെ കിണറുകളിൽ ജലവിതാനവും നന്നേ കുറഞ്ഞു. വേനലായാൽ പിന്നെ കുടിവെള്ളത്തിനും കടുത്ത ക്ഷാമമാണ്. കൃഷിക്കാവശ്യമായ വെള്ളം കുളത്തിൽ ലഭ്യമല്ലാതെ വന്നതോടെ കർഷകരിൽ പലരും നെൽകൃഷി ഉപേഷിച്ചു. വാഴ, പച്ചക്കറി, ഇഞ്ചി, മരിച്ചിനി തുടങ്ങിയ ഇടക്കൃഷികളിലേക്ക് മാറി. വേനൽ കടുക്കുന്നതോടെ ജനം കുടിവെള്ളത്തിനായുള്ള നെട്ടോട്ടം തുടരുന്നതുമാണ്. എത്രയും പെട്ടെന്ന് കുളം നവീകരിക്കണമെന്ന ആവശ്യവും ഉയരുന്നു.



പ്രതികരണം: കാടുകയറി നശിക്കുന്ന മുള്ളുവിള വാർഡിലെ കരിമാനിക്കുളം നവീകരിച്ച് നാട്ടുകാർക്ക് ഉപയോഗപ്രദമാക്കാൻ പഞ്ചായത്ത് അധികൃതർ വേണ്ടത്ര നടപടികൾ കൈക്കൊള്ളണം.

അനീഷ് പി.മണി, അസിസ്റ്റന്റ് സെക്രട്ടറി, സി.പി.ഐ പാറശാല ലോക്കൽ കമ്മിറ്റി.