
തിരുവനന്തപുരം:അയോധ്യയിലെ രാംലല്ല പ്രാൺ പ്രതിഷ്ഠയ്ക്ക് എല്ലാ കേന്ദ്രസർക്കാർ ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ (പി.എസ്.കെ), പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പി.ഒ.പി.എസ്.കെ), തിരുവനന്തപുരത്തെ റീജിയണൽ പാസ്പോർട്ട് ഓഫീസ് എന്നിവ 22ന് ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കില്ല. അന്നേ ദിവസം 2.30 വരെ ബുക്ക് ചെയ്ത പി.എസ്.കെ/പി.സി.സി അപ്പോയിൻമെന്റുകൾ അപേക്ഷകർ പുനഃക്രമീകരിക്കണം. റദ്ദാക്കുന്ന അപ്പോയിൻമെന്റുകൾ മറ്റൊരു തീയതിയിലേക്ക് ഷെഡ്യൂൾ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് 0471 2470225, rpo.trivandrum@mea.gov.in,അല്ലെങ്കിൽ 8089685796 (വാട്ട്സ് ആപ്പ്) തുടങ്ങിയവയിൽ ബന്ധപ്പെടാം.
മെഡിസെപ്പിന്റെ പേരിലുള്ള
കൊള്ള അവസാനിപ്പിക്കണം
തിരുവനന്തപുരം: സർവീസിൽ പുതിയതായി പ്രവേശിച്ചവരും 2022 ജൂലായ് മുതലുള്ള മെഡിസെപ്പ് തുക അടയ്ക്കണമെന്ന സർക്കാർ ഉത്തരവ് കൊള്ളയാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി കെ.ബിനോദും പ്രസ്താവനയിൽ പറഞ്ഞു. യാതൊരു മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷയും കിട്ടാത്ത കാലത്തേക്ക് പ്രീമിയം തുക കുടിശിക ഈടാക്കുന്നത് കടുത്ത അന്യായമാണ്. ബഹുഭൂരിപക്ഷം ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിന്റെ ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. യഥാർത്ഥ ചികിത്സച്ചെലവ് ആർക്കും ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ ജീവനക്കാർക്ക് മേൽ അമിതഭാരം അടിച്ചേൽപിക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
രാജ്ഭവൻ മാർച്ച് 22ന്
തിരുവനന്തപുരം: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തണമെന്നും കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ടും 22ന് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്രേറ്റ് എപ്ളോേയീസ് & ടീച്ചേഴ്സ് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി 22ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. മറ്റ് ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ജനറൽ കൺവീനർ എം.എ.അജിത് കുമാറും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും അറിയിച്ചു.
ക്ഷേമ പെൻഷൻ:
കമ്മിഷന്7 കോടി
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കുന്ന സഹകരണ സംഘം പ്രവർത്തകർക്ക് കമ്മിഷൻ നൽകാൻ 6.98 കോടി രൂപ സർക്കാർ അനുവദിച്ചു. 24ലക്ഷം പേർക്കാണ് പെൻഷൻ നേരിട്ട് നൽകുന്നത്.
ഐ.എച്ച്.ആർ.ഡിക്ക്
10 കോടി രൂപ
തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സ് ഡെവലെപ്മെന്റിന് (ഐ.എച്ച്.ആർ.ഡി) 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ബഡ്ജറ്റിന് പുറത്ത് ഐ.എച്ച്.ആർ.ഡിക്ക് അനുവദിച്ച സഹായം12 കോടിയായി. ബഡ്ജറ്റിൽ വകയിരുത്തിയ 15.11 കോടി രൂപ നേരത്തെ കൈമാറിയിരുന്നു. 979 സ്ഥിരം ജീവനക്കാരും 1500 ഗസ്റ്റ് ലക്ചർമാരും ഐ.എച്ച്.ആർ.ഡിക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.