1

തിരുവനന്തപുരം: പെരുമ്പാമ്പുകൾ തമ്മിലുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന്റെ നില മെച്ചപ്പെട്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 18 മുറിവുകളുമായി റെറ്റികുലേറ്റഡ് പൈത്തൺ ഇനത്തിൽപ്പെട്ട പെരുമ്പാമ്പിനെ കൂടിനുള്ളിൽ കണ്ടെത്തിയത്. പരിശോധനയിൽ പെരുമ്പാമ്പുകൾ തമ്മിൽ നടന്ന ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാമ്പുകളിൽ ഏറ്റവും ആക്രമണ സ്വഭാവമുള്ളതാണ് റെറ്റികുലേറ്റഡ് ഇനത്തിൽപ്പെട്ടത്. ആക്രമണം നടത്താൻ പ്രത്യേക കാരണം ആവശ്യമില്ല.

അഞ്ച് റെറ്റികുലേറ്റഡ് വിഭാഗത്തിലുള്ള പെരുമ്പാമ്പുകളുള്ള മൃഗശാലയിൽ ഈ സംഭവത്തെ തുടർന്ന് മൂന്നെണ്ണത്തെ പ്രത്യേകം നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ട്.ഇവയെ സി.സി ടിവി വഴി രാത്രിയും പകലും നിരീക്ഷിക്കും.രണ്ടെണ്ണം മാത്രമേ സന്ദർശകർക്ക് കാണാവുന്ന കൂട്ടിലുള്ളൂ.

പരിക്കേറ്റ പെരുമ്പാമ്പിന്റെ മുറിവ് പൂർണമായും ഉണങ്ങാൻ ഒരു മാസമെങ്കിലുമെടുക്കും. നട്ടെല്ലിൽ പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്.

ആക്രമണത്തിൽ ചെറിയ പരിക്കേറ്റ മറ്റൊരു പെരുമ്പാമ്പും ചികിത്സയിലാണ്.പാമ്പുകൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നത് സ്വഭാവികമാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.രാജവെമ്പാലയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പരിചയമില്ലാത്ത രണ്ട് രാജവെമ്പാലകളെ ഒരു കൂട്ടിലിട്ടാലും ഇത്തരത്തിൽ ആക്രമണം നടക്കും. നിലവിൽ പണ്ടു മുതലേ ഒരുമിച്ച് വളർന്ന പെൺ,ആൺ രാജവെമ്പാലകളെയാണ് മൃഗശാലയിൽ ഒരു കൂട്ടിൽ പാർപ്പിച്ചിരിക്കുന്നത്. അതിനാൽ ഇതുവരെ ആക്രമണസ്വഭാവം പ്രകടിപ്പിച്ചിട്ടില്ല.ഒരു കൂട്ടിൽ കഴിയുന്ന ആകെയുള്ള രണ്ട് അനക്കോണ്ടകളും ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.ഭാരതത്തിൽ ഗ്രീൻ അനക്കോണ്ടയ്ക്കും ബ‌ർമീസ് പൈത്തണും ശേഷം മൂന്നാം സ്ഥാനമാണ് റെറ്റികുലേറ്റഡ് പൈത്തണ്. ആഴ്ചയിൽ രണ്ട് കിലോ ബ്രോയ്ലർ കോഴിയാണ് ഇവയ്ക്ക് ആഹാരമായി നൽകുന്നത്.