
തിരുവനന്തപുരം: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2023ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻ.എസ്.എസ്.എച്ച്.എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അനന്യ പി.എസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് കരുവൻപൊയിൽ ജി.എം.യു.പി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൻ ഫയാസ് കെ. ഒന്നാമതെത്തി. സീനിയർ വിഭാഗത്തിൽ കാസർകോട് ജില്ലയിലെ മഞ്ചേശ്വർ എസ്.എ.ടി ഹൈസ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി കെ.പി പൂജാലക്ഷ്മി രണ്ടാംസ്ഥാനവും മലപ്പുറം കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ പത്താംക്ലാസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് വി മൂന്നാംസ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ കണ്ണൂർ കയരളം എ.യു.പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി കൃഷ്ണവേണി എസ്.പ്രശാന്ത് രണ്ടാംസ്ഥാനവും കൊല്ലം ചവറ സൗത്ത് ജി.യു.പി എസ്സിലെ ആറാംക്ലാസ് വിദ്യാർത്ഥി മീനാക്ഷി എ.ആർ മൂന്നാംസ്ഥാനവും നേടി. പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000രൂപ ലഭിക്കും.
വിദ്യാർത്ഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ
തിരുവനന്തപുരം: ഒരുമ സാംസ്കാരിക വേദിയുടെ വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ കഥ, കവിത,ചിത്രരചന,പ്രസംഗം, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നാളെ വഴുതക്കാട് ഹിന്ദി പ്രചാരസഭയിൽ രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ സ്കൂൾ തിരിച്ചറിയൽ കാർഡുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 9496249448, 944724090.