
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസ് സർവീസ് നഷ്ടത്തിലാണെന്നും, ഇനി ഇത്തരം ബസുകൾ വാങ്ങില്ലെന്നുമുള്ള പരാമർശം ഗതാഗത മന്ത്രി മന്ത്രി കെ.ബി.ഗണേശ് കുമാറിനെ കുരുക്കിലാക്കി. വി.കെ.പ്രശാന്ത് എം.എൽ.എയും തൊട്ടുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിയെ തള്ളിപ്പറഞ്ഞതോടെയാണിത്. ഇലക്ട്രിക് സിറ്റി ബസ് സർവീസ് നിറുത്താൻ അനുവദിക്കില്ലെന്ന സൂചനയും ഇന്നലെ വാർത്താ സമ്മേളനത്തിൽ ഗോവിന്ദൻ നൽകി.
മന്ത്രിപദത്തിലെത്തുന്നതിന് തൊട്ടു മുമ്പ് ,കെ.എസ്.ആർ.ടിസിയിൽ വരുമാന ചോർച്ചയും, അഴിമതിയുമുണ്ടെന്ന ഗണേശിന്റെ പ്രസ്താവന അന്നത്തെ മന്ത്രി ആന്റണി രാജു ഏറ്റു പിടിച്ചതോടെ വിവാദമായിരുന്നു. മന്ത്രിയായി ചുമതലയേറ്റ ശേഷം തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പുതിയ ഇലക്ട്രിക് ബസ്
വേണ്ടെന്ന പരാമർശമുണ്ടായത്. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.. വി.കെ.പ്രശാന്ത് എം.എൽ.എ ഇതിനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായെത്തി. തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനുമുള്ളത് നയപരമായ തീരുമാനമാണെന്നായിരുന്നു പോസ്റ്റ്.നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിനെ ലാഭകരമാക്കാൻ കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയ്യേണ്ടതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
ഇലക്ട്രിക് ബസ് ജനങ്ങൾക്ക് ആശ്വാസമെങ്കിൽ അത് തുടരുമെന്നും, ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസകരമായ സേവനങ്ങൾ തുടരുമെന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന ഗോവിന്ദന്റെ കൂട്ടിച്ചേർക്കലിൽ താക്കീതിന്റെ സ്വരവും കലർന്നു. ഇലക്ട്രിക് ബസിനെക്കുറിച്ച് മന്ത്രി പറഞ്ഞത് ഏതെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അത് പരിശോധിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
ഇ ബസുകളെല്ലാം ലാഭത്തിൽ: ആന്റണി രാജു
തലസ്ഥാന നഗരത്തിൽ സർവീസ് നടത്തുന്ന ഇ ബസുകളെല്ലാം ലാഭത്തിലാണ് സർവീസ് നടത്തിയിരുന്നതെന്ന് മുൻ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നഗരത്തിൽ ഡീസൽ ബസ് സർവീസ് നടത്തുമ്പോൾ ചെലവ് 26.50 രൂപയാണ്. ഇലക്ട്രിക് ബസിലാകുമ്പോൾ അത് 4.50 രൂപയായി കുറയും. തലസ്ഥാനത്തെ ആദ്യ ഹരിത നഗരമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയതുകൊണ്ടാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. ടിക്കറ്റ് നിരക്ക് കൂട്ടിയാൽ യാത്രക്കാർ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ഇ -ബസ്: മന്ത്രി റിപ്പോർട്ട് തേടി
ഇ ബസ് സർവീസുകൾ സംബന്ധിച്ച് വിവാദം മുറുകുന്നതിനിടെ ,ബസ് സർവീസുകളുടെ ലാഭ നഷ്ടക്കണക്ക് അടങ്ങിയ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ കെ.എസ്.ആർ.ടി.സി എം.ഡിയോട് ആവശ്യപ്പെട്ടു. ഓരോ ഇലക്ട്രിക് ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങൾ ഉൾപ്പെടെ നൽകാനാണ് നിർദേശം.