തിരുവനന്തപുരം: വീണ്ടും ഒരു വിവാഹത്തിന് ശ്രീചിത്ര ഹോം വേദിയാകുന്നു.ആറാം വയസിൽ ശ്രീചിത്രാ ഹോമിലെത്തിയ ഐ.സുമിതയാണ് 21ന് രാവിലെ 11.30നും 12നും ഇടയിലുള്ള മുഹുർത്തത്തിൽ സുമംഗലിയാകുന്നത്.നാലാഞ്ചിറ ചൂഴമ്പാല പനവിള പുത്തൻവീട്ടിൽ ബാലചന്ദ്രൻ നായരുടെയും ഗിരിജാകുമാരിയുടെയും മകൻ ബി.ജി.അഖിലാണ് വരൻ. മുട്ടത്തറയിലെ മഹീന്ദ്ര വാഹന ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ് അഖിൽ. കളക്ടർ ജെറോമിക് ജോർജ്,​ ശ്രീചിത്രാ ഹോം സൂപ്രണ്ട് വി.ബിന്ദു തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കും.രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചേച്ചി സുമിയോടൊപ്പമാണ് സുമിത ശ്രീചിത്രാ ഹോമിലെത്തിയത്.മലയാളത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും എം.ഫില്ലും നേടിയിട്ടുണ്ട് സുമിത. 22 വർഷമായി ഹോമിലെ അന്തേവാസിയാണ്.സുമിയും ഹോമിൽ നിന്നാണ് വിവാഹിതയായത്. ഇവരുടെ അച്ഛൻ നേരത്തെ മരിച്ചുപോയി.