vld-1

വെള്ളറട: പൊലീസിനെയും ഫയർഫോഴ്സിനെയും രണ്ട് മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിറുത്തി വെള്ളറട പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് കുന്നത്തുകാൽ മാണിനാട് പാതിശ്ശേരി തോട്ടത്തിൽ വീട്ടിൽ ഷാജി (35)​ സ്റ്റേഷനിലെ കോമ്പൗണ്ടിനുള്ളിലെ മരത്തിനു മുകളിൽ കയറിയത്. എന്നാൽ ഇയാൾ മരത്തിൽ കയറിയത് ആരും കണ്ടിരുന്നില്ല. മരത്തിന്റെ മുകളിൽ ആളിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ പൊലീസുകാർ താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തന്റെ പേരിലുള്ള കള്ളക്കേസ് പിൻവലിച്ചാൽ മാത്രമേ മരത്തിൽ നിന്നു ഇറങ്ങൂവെന്ന നിലപാടിലായിരുന്നു ഇയാൾ. തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പാറശാലയിൽനിന്നും ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് സ്ഥലത്തെത്തി വലകെട്ടി. ഇതുകണ്ട് ഇയാൾ മുകളിലേക്ക് വീണ്ടുംകയറുകയായിരുന്നു. ഇയാൾ ഇറങ്ങാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സമീപത്തെ കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ചു. പ്രശ്നത്തിന് പരിഹാരം കാണാമെന്നും മരത്തിൽ നിന്നും ഇറങ്ങണമെന്നും ഫയർ ഓഫീസർ സുരേഷ് കുമാർ ആവശ്യപ്പെട്ടു. എന്നാൽ എസ്.ഐ കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ മരത്തിൽ നിന്നും ഇറങ്ങൂവെന്നുള്ള നിലപാടിലായിരുന്നു ഷാജി. തുടർന്ന് എസ്.ഐ റസൽരാജ് പരിഹാരം കാണാമെന്നും മരത്തിൽ നിന്നും ഇറങ്ങണമെന്നും മൊബൈൽ ഫോണിലൂടെ അറിയിച്ചതോടെ നാലേമുക്കാലോടുകൂടി ഇയാൾ മരത്തിൽ നിന്നും ഇറങ്ങി. കോടതിയിൽ വസ്തു തർക്കത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷനിൽ വന്ന് ജാമ്യമെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് അന്വേഷിച്ച് വീട്ടിൽ പോയിരുന്നു. ഇതറിഞ്ഞ് എത്തിയാണ് ഇയാൾ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മരത്തിൽ നിന്നും ഇറക്കിയശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ഷാജിയെ വിട്ടയച്ചു.