
തിരുവനന്തപുരം: എട്ടു ദിവസത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ജയിലിന് പുറത്ത് പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിന്റെ പേരിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കൂട്ടം ചേർന്ന് ഗതാഗത തടസം സൃഷ്ടിക്കൽ, ക്രമസമാധാനം തകർക്കൽ തുടങ്ങിയ വകുപ്പുകളടക്കം ചേർത്താണ് കേസെടുത്തത്. സർക്കാർ ഫ്ലക്‌സുകൾ നശിപ്പിച്ചു, പൊലീസ് ആജ്ഞ ലംഘിച്ച് കൂട്ടംചേർന്നു തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായും എഫ്.ഐ.ആറിലുണ്ട്.
രാഹുലിനൊപ്പം എം.എൽ.എമാരായ ഷാഫി പറമ്പിൽ, അൻവർ സാദത്ത് എന്നിവരുൾപ്പെടെ 12 യൂത്ത് കോൺഗ്രസ് നേതാക്കളേയും കണ്ടാലറിയാവുന്ന 200 ഓളം പ്രവർത്തകരെയും പ്രതിചേർത്തിട്ടുണ്ട്. രാഹുൽ രണ്ടാം പ്രതിയാണ്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറാണ് ഒന്നാം പ്രതി. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് റിമാൻഡിലായിരുന്ന രാഹുൽ ബുധനാഴ്ച രാത്രി പുറത്തിറങ്ങിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണമൊരുക്കിയത്.