
തിരുവനന്തപുരം: പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിക്കുന്നതിന് നിയമസഭ പാസാക്കിയ ബിൽ ജനതാത്പര്യം പരിഗണിച്ചുള്ളതാണെന്നും അതിനെതിരായ പരാതികളിൽ കഴമ്പില്ലെന്നും സർക്കാർ ഗവർണർക്ക് വിശദീകരണം നൽകി. കോടതി ഉത്തരവുകൾക്കോ കേന്ദ്രനിയമത്തിനോ വിരുദ്ധമല്ല. ആറ് പതിറ്റാണ്ട് മുൻപ് പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതിയാണിത്. എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് നിയമസഭ ബിൽ പാസാക്കിയത്. ഇടുക്കി പോലെ ഏതെങ്കിലും മേഖലയ്ക്കു വേണ്ടിയുള്ള നിയമമല്ല, കേരളം മുഴുവൻ ബാധകമാണ് . പരാതിയിലെ ആരോപണങ്ങളടക്കം ചർച്ച ചെയ്ത് ഉത്തമവിശ്വാസത്തിൽ നിയമസഭ പാസാക്കിയ ബിൽ ഒപ്പിടണമെന്ന് ചീഫ്സെക്രട്ടറി ഗവർണറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാരിന്റെ മറുപടിയും ബില്ലും ഗവർണറുടെ പരിഗണനയിലാണ്. ഇന്ന് ഒപ്പിട്ടേക്കും.
ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി കെ.സി.സുധീർബാബു അടക്കമുള്ളവരുടെ പരാതിയിലാണ് രണ്ടുവട്ടം ഗവർണർ വിശദീകരണം തേടിയത്. മൂന്നാറിലും മലയോര മേഖലകളിലുമുള്ള അനധികൃത നിർമ്മാണങ്ങളിലേറെയും വാണിജ്യ സ്ഥാപനങ്ങളാണെന്നും വൻകിട നിർമ്മാണങ്ങളും പാർട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നിയമഭേദഗതിയെന്നുമാണ് പരാതി. പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് സുപ്രീംകോടതിയടക്കം ശരിവച്ച നിയന്ത്രണങ്ങൾ മറികടക്കാനാണ് ബില്ലെന്നും പരാതിയിലുണ്ട്.
സർക്കാർ മറുപടി നൽകിയാൽ ബില്ലിൽ ഒപ്പിടുമെന്ന് ഗവർണർ നേരത്തേ പറഞ്ഞിരുന്നു. ജീവനോപാധിക്കായുള്ള നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നത് ആയിരക്കണക്കിന് സാധാരണക്കാർക്ക് ഗുണം ചെയ്യുമെന്നതും ഗവർണർ പരിഗണിച്ചിട്ടുണ്ട്.
ഭൂമിതരംമാറ്റത്തിന് ആർ.ഡി.ഒമാർക്ക് പുറമെ 69 ഡെപ്യൂട്ടി കളക്ടർമാർക്കുഅധികാരം നൽകാനുദ്ദേശിച്ചുള്ള നിയമഭേദഗതി ബില്ലിലും ഗവർണർ ഒപ്പിട്ടേക്കും.