
തിരുവനന്തപുരം: ഇന്നലെ ചെങ്കൽചൂള ഫയർഫോഴ്സിന്റെ സഹായം തേടിയെത്തിയത് ഒൻപത് കോളുകൾ. ആര്യശാലയിലും പൂജപ്പുരയിലും ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് എത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.ചൂട് വർദ്ധിക്കുന്നതോടെ തീപിടിത്തങ്ങൾ കൂടുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
8.45- തമ്പാനൂരിലെ ചെന്തിട്ട ഭാഗത്തുള്ള ഫ്ലൈഓവറിൽ ലോറിയിൽ നിന്ന് ഓയിൽ ലീക്കുണ്ടായി. ഇരുചക്രവാഹനങ്ങൾ തെന്നിവീഴുകയും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
9.30-ആര്യശാലയിൽ വിനോദ് എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ടൂൾ ആൻഡ് ടൂൾ എന്ന പവർടൂൾ സ്ഥാപനത്തിൽ തീപിടിച്ചു. നിരവധി ടൂളുകൾ കത്തിനശിച്ചു.ഏകദേശം രണ്ടുലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായി. എസ്.എഫ്.ആർ.ഒ ഷാഫിയുടെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി തീയണച്ചു. ശേഷം ബാക്കി പവർ ടൂൾസ് സുരക്ഷിതമാക്കുകയും തൊട്ടു ചേർന്നിരുന്ന കടകളിലെ സാധനങ്ങൾ പുറത്തെത്തിക്കുകയും ചെയ്തു.
9.36-കിള്ളിപ്പാലം പി.ആർ.എസ് ആശുപത്രിക്കു സമീപം പ്രൈവറ്റ് ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് വേസ്റ്റുകൾക്ക് തീപിടിച്ചു.സമീപത്തെ ചെടികൾ കത്തിനശിച്ചെങ്കിലും ബസിലേക്ക് തീപടരുന്നതിനു മുമ്പ് സേനയെത്തി.
11.06-തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ നാലാമത്തെ നിലയിലെ വിൻഡോയിൽ നിന്ന് അപകടകരമാംവിധം തള്ളിനിന്ന ഗ്ലാസ് സേനയെത്തി നീക്കി.
11.30-പട്ടം ലീഗൽ മെട്രോളജി ഭവന്റെ വാട്ടർ ടാങ്കിൽ കുടുങ്ങിയ പൂച്ചയെ സേനയെത്തി രക്ഷിച്ചു
12.15- പൂജപ്പുര വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ നാലാമത്തെ നിലയിലെ സോളാർ പാനലിന്റെ കൺട്രോൾ ബോർഡിന് തീപിടിച്ചു. പൂജപ്പുര ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നവരാണ് ആദ്യം കണ്ടത്. പാനൽ പൂർണമായും കത്തിനശിച്ചു.സ്റ്റേഷൻ ഓഫീസർ നിതിൻ രാജിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചതിനാൽ കെട്ടിടത്തിലെ ഫയലുകൾ കത്തിയില്ല.
2.20-ആര്യശാല നന്ദാവനം തെരുവിൽ മൂർത്തിയുടെ ഇരുനില വീടിന്റെ മേൽക്കൂരയ്ക്കും മുകളിലത്തെ നിലയ്ക്കും തീപിടിച്ചു. അടുത്തുള്ള കടയിലേക്ക് ബേക്കറി സാധനങ്ങൾ പാചകം ചെയ്യുന്നത് ഇവിടെ വച്ചാണ്. സ്റ്റൗവ്, വാഷിംഗ് മെഷീൻ, വാട്ടർ ടാങ്ക്, ഇലക്ട്രിക് സോക്കറ്റ്, പ്ലാസ്റ്റിക് കവർ, ഇലക്ട്രിക് ടേപ്പർ മുതലായവയ്ക്ക് തീപ്പിടിച്ചു. അല്പംകൂടി താമസിച്ചിരുന്നെങ്കിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചേനെ. 30 മിനിറ്റോളം വാട്ടർ പമ്പ് ചെയ്തു തീയണച്ചു. മേൽക്കൂരയുടെ ഒരു ഭാഗം , വാട്ടർ ടാങ്ക്, വാഷിംഗ് മെഷീൻ മുതലായവ പൂർണമായും കത്തിനശിച്ചു. സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, ഷാജിഖാൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
3.21-സാഹിത്യകാരൻ ഒ.വി.വിജയന്റെ സഹോദരി ഒ.വി.ഉഷയുടെ കരമനയിലുള്ള വീടിന്റെ മുകളിൽ കുടുങ്ങിയ പൂച്ചയെ സേനയെത്തി രക്ഷിച്ചു
3.37-രാജ്ഭവനിലെ സെപ്റ്റിക്ക് ടാങ്കിൽ കാള വീണു.