1

തിരുവനന്തപുരം: സ്കൂളിലെ അതിഥിയായി എത്തിയ മന്ത്രി അച്ഛന് എസ്.പി.സി മകൻ വക സല്യൂട്ട്. കൃഷി മന്ത്രി പി. പ്രസാദിനാണ് എസ്.പി.സി പ്ലാട്ടൂൺ കമാണ്ടർ കൂടിയായ മകൻ ഭഗത് പ്രസാദ് സല്യൂട്ട് നൽകിയത്. ഇന്നലെ രാവിലെയാണ് മകൻ പഠിക്കുന്ന തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിന്റെ വാർഷികാഘോഷ ഉദ്ഘാടനത്തിന് മന്ത്രി പി.പ്രസാദ് എത്തിയത്. അതിഥിയായ മന്ത്രിയെ വരവേറ്റത് മകൻ ഭഗത് നേതൃത്വം നൽകുന്ന എസ്.പി.സിയുടെ ഗാർഡ് ഒഫ് ഓണർ നൽകിയാണ്. ഗാ‌ർഡ് ഒഫ് ഓർണർ മന്ത്രി സ്വീകരിച്ചു. തിരിച്ചു സല്യൂട്ട് നൽകി. സ്കൂളിലെ 10ാക്ലാസ് വിദ്യാർത്ഥിയാണ് ഭഗത് പ്രസാദ്. രണ്ട് വർഷമായി ഭഗത് എസ്.പി.സിയുടെ ഭാഗമാണ്. പി.പ്രസാദിന്റെ മകൾ അരുണ അൽമിത്ര പട്ടം സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിമാനനിമിഷം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ ഇതേപ്പറ്റി കുറിച്ചത്.