sabari

തിരുവനന്തപുരം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കുന്നതിനോട് മുഖംതിരിച്ച് കേരളം. 3800.93കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ-റെയിൽ സമർപ്പിച്ചപ്പോഴാണ് പകുതി ചെലവായ 1900.47കോടി സംസ്ഥാനം വഹിക്കുമെന്ന ഉറപ്പ് റെയിൽവേ ആവശ്യപ്പെട്ടത്. ഇതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ 'കേരളകൗമുദി'യോട് പറഞ്ഞു. പകുതി ചെലവ് വഹിക്കാൻ സർക്കാർ തീരുമാനി‌ച്ചതായി അറിയില്ലെന്ന് കെ-റെയിൽ കോർപറേഷനും അറിയിച്ചു.

പകുതി ചെലവ് വഹിക്കാൻ മന്ത്രിസഭായോഗം 2021ജനുവരിയിൽ തീരുമാനിച്ചിരുന്നു. അന്ന് 2815കോടിയായിരുന്നു ചെലവ്. അടുത്തിടെ എസ്റ്റിമേറ്റ് പുതുക്കിയപ്പോഴാണ് റെയിൽവേ വീണ്ടും ഉറപ്പുതേടിയത്. കെ-റെയിൽ തയ്യാറാക്കിയ 3347.35കോടിയുടെ എസ്റ്റിമേറ്റിൽ മാറ്റംവരുത്തിയാണ് റെയിൽവേ അംഗീകരിച്ചത്. ചെലവ് പങ്കിടാമെന്ന് സംസ്ഥാനം ധാരണാപത്രം ഒപ്പിടാത്തതിനാൽ പുതിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനയച്ചിട്ടില്ല. സാമ്പത്തികമായി ലാഭകരമല്ലെന്ന് വിലയിരുത്തുന്ന പദ്ധതികളിലാണ് 50%ചെലവ് ആവശ്യപ്പെടുക.

അങ്കമാലി-ശബരി പാതയ്ക്ക് ബദലായി ചെങ്ങന്നൂർ- പമ്പ എലിവേറ്റഡ് പാതയ്ക്ക് സർവേ പുരോഗമിക്കുകയാണ്. രണ്ട് പദ്ധതിരേഖകളും താരതമ്യം ചെയ്ത് അന്തിമ തീരുമാനമെന്നാണ് റെയിൽവേയുടെ നിലപാട്. അങ്കമാലി-ശബരി പാത ശബരിമല തീർത്ഥാടകർക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസനത്തിനും ഉതകും. ഭാവിയിൽ പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും നീട്ടാം. ഏത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് റെയിൽവേ അറിയിക്കണമെന്ന് സംസ്ഥാനം നിലപാടെടുക്കാൻ കാരണമിതാണ്. അങ്കമാലി-കാലടി 7കി.മീ.പാതയും പെരിയാറിൽ മേൽപ്പാലവുമാണ് ഇതുവരെ നിർമ്മിച്ചത്. കാലടി-എരുമേലി 104കി.മീ നിർമ്മിക്കാനുണ്ട്.

''ചെലവ് പങ്കിടാനാവശ്യപ്പെട്ട കത്ത് സർക്കാരിന് കിട്ടിയിട്ടില്ല. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞശേഷം തീരുമാനിക്കാം. പിങ്ക് ബുക്കിലെ നിരവധി പദ്ധതികൾ റെയിൽവേ ഇഴയ്ക്കുകയാണ്''

-വി.അബ്ദുറഹിമാൻ, മന്ത്രി

ചൂളംവിളി കാത്ത്

മൂന്നുപതിറ്റാണ്ട്

1997

റെയിൽവേ ബഡ്ജറ്റിൽ പദ്ധതി പ്രഖ്യാപിച്ചു

2015

പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാനം

2017

എസ്റ്റിമേറ്റ് 2815കോടിയായി പുതുക്കി

2018

ചെലവ് പങ്കിടലിൽ നിന്ന് സംസ്ഥാനം പിന്മാറി

2019

ദക്ഷിണറെയിൽവേ പദ്ധതി മരവിപ്പിച്ചു

2020

എസ്റ്റിമേറ്റ് 3347കോടിയായി ഉയർന്നു

2021

പകുതി ചെലവ് വഹിക്കാമെന്ന് സർക്കാർ

2023

കേന്ദ്രബഡ്ജറ്റിൽ 100കോടി വകയിരുത്തി

2024

എസ്റ്റിമേറ്റ് 3800.93കോടിയായി പുതുക്കി