തിരുവനന്തപുരം: 1940ൽ രൂപം കൊണ്ട തലസ്ഥാനത്തെ കോർപ്പറേഷൻ ശതാഭിഷേക വർഷ നിറവിലാണ്. നൂറ് വാർഡുകളും പത്തു ലക്ഷത്തിലേറെ ജനസംഖ്യയുമുള്ള കോർപ്പറേഷൻ ഇന്നത്തെ നിലയിൽ രൂപം കൊണ്ടിട്ട് ഒക്ടോബറിൽ 84 വർഷം തികയുകയാണ്. 1877 ഒക്ടോബർ 26നാണ് ആയില്യം തിരുനാൾ മഹാരാജാവ് നഗരത്തിൽ ആരോഗ്യ,ശുചിത്വപരിപാലനംസംരക്ഷണ നിയമം കൊണ്ടുവന്നത്. അതോടെ നഗരത്തിൽ പല രംഗത്തും നിയന്ത്രണങ്ങളും ചട്ടങ്ങളും നടപ്പാക്കാൻ തുടങ്ങി.

കോട്ടയ്ക്കകം,ചാല, ശ്രീവരാഹം, മണക്കാട്, പേട്ട എന്നീ അഞ്ചു ഡിവിഷനുകളിലായി തിരുവനന്തപുരം നഗരത്തെ വിഭജിച്ചു.തുടർന്ന് തിരുവനന്തപുരം ടൗൺ ഇംപ്രൂവ്‌മെന്റ് കമ്മിറ്റി രൂപം കൊണ്ടു. അതിന്റെ ആദ്യ പ്രസിഡന്റ് ദിവാൻ പേഷ്‌ക്കാർ ഇരവിപേരൂർ പിള്ളയായിരുന്നു. 19 പേർ കമ്മിറ്റിയിലുണ്ടായിരുന്നു. 1920ൽ നഗരസഭയായ തിരുവനന്തപുരം, 19 വർഷം കഴിഞ്ഞപ്പോഴാണ് കോർപ്പറേഷനാകുന്നത്.

ഇതോടെ കോട്ടയ്ക്കകത്തു മാത്രം ഒതുങ്ങിനിന്നിരുന്ന ശുചീകരണം നഗരമാകെ വ്യാപിച്ചു. കൊല്ലത്തുനിന്നും റെയിൽവേ തമ്പാനൂർ വരെ എത്തി. വിമാന സർവീസും, നഗരത്തിൽ ടെലഫോൺ സർവീസും തുടങ്ങി. അരുവിക്കരയിൽനിന്നും നഗരത്തിൽ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതി,താപവൈദ്യുതനിലയം അങ്ങനെ ഒട്ടനവധി പദ്ധതികൾ വന്നു.

സ്വാതി തിരുനാൾ മഹാരാജാവാണ് ആദ്യമായി നഗരത്തിൽ നൂതന പരിഷ്‌കാരങ്ങൾക്കു തുടക്കംകുറിച്ചത്. 24 തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും ഒരു വനിത ഉൾപ്പെടെ നാമനിർദ്ദേശം ചെയ്യപ്പെട്ട എട്ടു കൗൺസിലർമാരും ഉൾപ്പെട്ടതായിരുന്നു ആദ്യത്തെ കോർപ്പറേഷൻ. കരം തീരുവ ഉള്ളവർക്കായിരുന്നു അന്ന് വോട്ടവകാശം. മേയറും കമ്മിഷണറും ആദ്യ രണ്ടുവർഷം സർക്കാർ നോമിനികളായിരുന്നു.

ഓവർ ബ്രിഡ്ജിനു സമീപം എസ്.എം.വി സ്‌കൂളിനെതിരെ രാജവീഥിക്കരികിലായി പ്രവർത്തിച്ചിരുന്ന നഗരസഭാ കാര്യാലയം പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ എൽ.എം.എസ് ജംഗ്ഷന് സമീപം പുതുതായി പണിത മന്ദിരത്തിലേക്ക് മാറ്റിയത്. യൂണിവേഴ്സിറ്റി യൂണിയന്റെ ആസ്ഥാനം പൊളിച്ചുമാറ്റിയാണ് ഇപ്പോഴത്തെ നഗരസഭാ കാര്യാലയം പണിതത്. ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ.മാധവനായിരുന്നു ആദ്യ നോമിനേറ്റഡ് മേയർ. രണ്ടാമത്തെ തിരഞ്ഞെടുക്കപ്പെട്ട മേയർ കരിമ്പുവിളാകം ഗോവിന്ദപിള്ളയായിരുന്നു. സി.ഒ.മാധവൻ മുതൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രൻ വരെ 46 മേയർമാർ തിരുവനന്തപുരം നഗരസഭയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.

നിലവിൽ 10 സോണൽ ഓഫീസുകളും നഗരസഭയ്ക്കുണ്ട്.നഗരം വലിയ വികസനത്തിലെത്തിയെങ്കിലും ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ ചെയ്ത് മോഡിപിടിപ്പിക്കൽ മാത്രമാണ് നഗരസഭയിൽ ചെയ്തിട്ടുള്ളത്. ഇന്ന് കോംപൗണ്ടിൽ മൾട്ടിലെവൽ കാർപ്പാർക്കിംഗും ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ഇന്റഗ്രേറ്റഡ് കമാൻഡ് സെന്ററുമുണ്ട്.

മാലിന്യ മുക്ത കാർബൺ ന്യൂട്രൽ സുന്ദര നഗരമാക്കി നഗരത്തെ നിലനിറുത്തും.
സംസ്ഥാന സർക്കാർ നയത്തിന് അനുസരിച്ച് അതിദരിദ്ര സമൂഹത്തിന് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കും.
ഭൂരഹിത ഭവന രഹിതർ ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം

ആര്യാ രാജേന്ദ്രൻ, മേയർ