reni

തിരുവനന്തപുരം: വിദേശ ജോലിക്കും പഠനത്തിനും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കൊച്ചിയിലെ ഏജൻസിയുടെ ഡയറക്ടറെ കൊല്ലത്തെ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ സിൻഡിക്കേറ്റംഗമാക്കി. കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷക കൂടിയായ ഡോ. റെനി സെബാസ്റ്റ്യനെയാണ് സിൻഡിക്കേറ്റംഗമാക്കിയത്. വാഴ്സിറ്റിയോ സർക്കാരോ ഇക്കാര്യമറിയിച്ച് വാർത്താക്കുറിപ്പിറക്കിയതുമില്ല. വിദേശത്തേക്ക് വിദ്യാർത്ഥികളെ പഠനത്തിന് അയയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ അതോറിട്ടി രൂപീകരിക്കാനും വിദേശപഠനത്തിന് മാനദണ്ഡങ്ങളുണ്ടാക്കാൻ ബിൽ കൊണ്ടുവരാനും സർക്കാർ ഒരുങ്ങുന്നതിനിടെയാണിത്. റിക്രൂട്ടിംഗ് ഏജൻസിയുടെ വിശ്വാസ്യത കൂട്ടാനാണ് ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗത്വം നൽകിയതെന്നും നാമനിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്ന് ആരോപണം നേരിടുന്ന സ്ഥാപനത്തിന്റെ ഡയറക്ടറെയാണ് സിൻഡിക്കേറ്റംഗമാക്കിയതെന്ന് പരാതിയിലുണ്ട്. എന്നാൽ ഇക്കാര്യം തനിക്കറിയില്ലെന്നും അന്വേഷിക്കാമെന്നും മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏജൻസിയുടെ ഡയറക്ടറെന്നത് പരിഗണിച്ചല്ല, വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിലാണ് റെനിയെ നാമനിർദ്ദേശം ചെയ്തത്. വിദേശത്തേക്ക് വിദ്യാർത്ഥികളുടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള ബിൽ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാനഡ, യു.കെ, ഓസ്ട്രേലിയ, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് യുവാക്കളെ ഉപരിപഠനത്തിനും ജോലിക്കും അയയ്ക്കുന്ന ഏജൻസിയാണിത്. ഇടത് സഹയാത്രികനായിരുന്ന ഡോ. പ്രേംകുമാർ രാജി വച്ച ഒഴിവിലാണ് റെനി സെബാസ്റ്റ്യന്റെ നിയമനം. എൽ.ഡി.എഫ് ഘടകകക്ഷികളുടെ പ്രതിനിധികളെ പോലും സിൻഡിക്കേറ്റുകളിൽ നാമനിർദ്ദേശം ചെയ്തിട്ടില്ല. സർവകലാശാലയിൽ എൻറോൾ ചെയ്യുന്ന വിദ്യാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാൻ അവസരം ലഭിക്കുക വഴി ഓപ്പൺ യൂണിവേഴ്സിറ്റിയെ സ്വന്തം ഏജൻസിയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ഡയറക്ടർക്ക് അവസരം ലഭിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശം നൽകുമെന്നും കാമ്പെയിൻ കമ്മിറ്റിയുടെ പരാതിയിൽ പറയുന്നു.

സർവകലാശാലയിലെ രജിസ്ട്രേഡ് വിദ്യാർത്ഥി വിഭാഗത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെയും സിൻഡിക്കേറ്റംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.