
ശ്രീരാമന്റെ പിറവികൊണ്ട് പുണ്യഭൂമിയായി മാറിയ അയോദ്ധ്യയിലെ ശ്രീരാമ മഹാക്ഷേത്രത്തിൽ നാളെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ നൂറ്റാണ്ടുകളായി രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ മനസ്സിൽ കാത്തുവച്ച സ്വപ്നം സാക്ഷാത്കരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നു നടക്കുന്ന ഈ പവിത്ര ചടങ്ങ് രാജ്യമൊട്ടാകെ അഭൂതപൂർവമായ ഒരു ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന ബാലശ്രീരാമന്റെ നാലേകാൽ അടി പൊക്കമുള്ള വിഗ്രഹത്തിന്റെ ചിത്രം പുറത്തുവന്നുകഴിഞ്ഞു. പ്രതിഷ്ഠാചടങ്ങിനു മുന്നോടിയായുള്ള വൈദിക കർമ്മങ്ങൾ ഒന്നൊന്നായി നടന്നുകൊണ്ടിരിക്കുകയാണ്. അയോദ്ധ്യാ നഗരി മാത്രമല്ല, രാജ്യത്തെ ഒട്ടധികം കേന്ദ്രങ്ങൾ ഇപ്പോൾത്തന്നെ ആഘോഷലഹരിയിലായിക്കഴിഞ്ഞു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ പുരുഷനായി പങ്കെടുക്കുമെന്നതിനാൽ പ്രദേശമാകെ കനത്ത സുരക്ഷാവലയത്തിലാണ്. ഒരാഴ്ചത്തെ വ്രതനിഷ്ഠയോടെ കഴിയുന്ന പ്രധാനമന്ത്രി ഇന്നു വൈകിട്ട് അയോദ്ധ്യയിൽ എത്തും. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്ന ട്രസ്റ്റ് സർവ്വമേഖലകളിലും പെട്ട എണ്ണായിരം വ്യക്തികളെയാണ് പ്രതിഷ്ഠാചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ പ്രതിപക്ഷ നിരയിലുള്ള പാർട്ടികളിൽ പലതും ചടങ്ങിൽ നിന്നു വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ബി.ജെ.പിയും രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപാധിയാക്കുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. രാഷ്ട്രീയത്തിനുപരി കാര്യങ്ങൾ വീക്ഷിക്കുന്ന ജനകോടികളെ സംബന്ധിച്ചിടത്തോളം പ്രതിഷ്ഠാദിനം അസുലഭ മുഹൂർത്തം തന്നെയാണ്. ഈ ഒരു ദിവസത്തിനായി എത്രയോ കാലമായി കാത്തിരിക്കുന്നവരാണവർ.
കലാപങ്ങൾക്കും കൂട്ടക്കുരുതികൾക്കും സാമുദായിക സംഘർഷങ്ങൾക്കും വരെ കാരണമായിരുന്നു അയോദ്ധ്യയിലെ തർക്കമന്ദിരമെന്ന നിലയിൽ സ്ഥിതിചെയ്തിരുന്ന ബാബ്റി മസ്ജിദ്. അതിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾ നടന്നു. ഒടുവിൽ 1992 ഡിസംബർ 6-ന് സംഘപരിവാറിന്റെ നേതൃത്വത്തിൽ മസ്ജിദ് തകർത്തതിനെത്തുടർന്നാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപം അരങ്ങേറിയത്. അതിന്റെ മുറിവുകളിൽനിന്ന് ഇനിയും രാജ്യം പൂർണമായും മോചിതമായെന്നു പറയാനാവില്ല. എന്നിരുന്നാലും അയോദ്ധ്യകേസിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് തർക്കഭൂമി പ്രശ്നത്തിന് ശാശ്വത വിധി ഉണ്ടായത് സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ സഹായകമായി. 2019 നവംബറിലെ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിലാണ് തർക്കഭൂമിയിൽ ഇപ്പോൾ ശ്രീരാമക്ഷേത്രം ഉയർന്നുവന്നിരിക്കുന്നത്. എതിർപക്ഷക്കാർക്കും പുതിയൊരു പള്ളി നിർമ്മിക്കാനായി അയോദ്ധ്യയിൽത്തന്നെ അഞ്ച് ഏക്കർ ഭൂമിയും അനുവദിച്ചുകൊണ്ടുള്ള വിധിന്യായമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. പ്രസ്തുത ഭൂമിയിൽ പള്ളിനിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിക്കഴിഞ്ഞു.
നാളെ പ്രാണപ്രതിഷ്ഠ നടക്കുന്ന ശ്രീരാമക്ഷേത്രം രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രമാകാൻ പോവുകയാണ്. തീർത്ഥാടനത്തിനൊപ്പം വലിയതോതിൽ വിനോദസഞ്ചാരികളും അയോദ്ധ്യയിലെ പുതിയ മാറ്റങ്ങൾ കാണാൻ എത്തുമെന്നു തീർച്ച. അയോദ്ധ്യയിൽത്തന്നെ ഉയരാൻ പോകുന്ന അതിവിശാലമായ മുസ്ളിം പള്ളി കൂടി പൂർത്തിയാകുന്നതോടെ രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി ഈ പൗരാണിക നഗരം മാറുമെന്നു തീർച്ച.
തർക്കഭൂമി കേസിൽ അന്തിമ വിധി പുറപ്പെടുവിക്കവെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായ ഒരു പരാമർശം പ്രസക്തമായിരുന്നു. നിയമത്തിന്റെ തലനാരിഴകൾക്കുപരി കാലങ്ങളായി രാഷ്ട്രത്തെ ഭിന്നിപ്പിച്ചുനിറുത്തുന്ന ഒരു പ്രശ്നം എന്നന്നേക്കുമായി ഇതോടെ അവസാനിക്കട്ടെ എന്ന വിശാല താത്പര്യമാണ് തങ്ങളെ ഈ വിധിയിലേക്ക് നയിച്ചതെന്നായിരുന്നു പ്രസ്തുത പരാമർശം. വിധിയോട് എതിർപ്പുള്ളവർ ഇപ്പോഴും ഉണ്ട്. എന്നാലും പരമോന്നത കോടതിയുടേതാകയാൽ വിധി അനുസരിക്കാൻ ഏവരും ബാദ്ധ്യസ്ഥരുമാണ്.
അയോദ്ധ്യയിലെ തർക്കമന്ദിരവും അതിനെച്ചൊല്ലിയുള്ള സംഘർഷങ്ങളും രാജ്യത്തിന്റെ സമാധാനത്തിനും സമുദായ സൗഹാർദ്ദാന്തരീക്ഷത്തിനും ഏല്പിച്ച ക്ഷതം എത്ര വലുതാണ് എന്ന് ഏവർക്കും അറിയാം. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഏറ്റവും പറ്റിയ ഉപാധിയാണ് ഇതുപോലുള്ള തർക്കപ്രശ്നങ്ങൾ. മുൻപിൻ നോക്കാതെ സാധാരണ ജനങ്ങൾ വൈകാരികമായി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുകയും ചെയ്യും. കൂട്ടക്കുരുതികളിലേക്കുവരെ അത് വളരുന്നതും അപൂർവമല്ല. അയോദ്ധ്യയുടെ പേരിൽ ചിന്തിയ ചോരപ്പാടുകൾ കാലത്തിന്റെ കുത്തൊഴുക്കിൽ ഒരുപക്ഷേ മാഞ്ഞുപോയേക്കാം. എന്നാൽ പലരുടെയും മനസ്സുകളിൽ ആഴ്ന്നു പതിച്ച അതിന്റെ ഓർമ്മകൾ മായണമെന്നില്ല.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും ഇനി വരാൻ പോകുന്ന പള്ളിയും പുതിയൊരു യുഗപ്പിറവിയായി കാണാനുള്ള ഹൃദയവിശാലതയാണ് എല്ലാവർക്കും വേണ്ടത്. സങ്കുചിത താത്പര്യക്കാർ ഇപ്പോഴും അവസരം നോക്കിയിരിപ്പുണ്ടെന്ന കാര്യം വിസ്മരിക്കരുത്. വോട്ടുബാങ്കിനെ ലക്ഷ്യംവച്ച് കരുക്കൾ നീക്കുന്നവർക്ക് ജനങ്ങളെ ഭിന്നിപ്പിച്ചു നിറുത്തുന്നതിലേ താത്പര്യം കാണുകയുള്ളൂ. എന്നാൽ പ്രജകളുടെ നന്മ മാത്രം ലക്ഷ്യമാക്കി സംശുദ്ധ ഭരണം നടത്തിയ ശ്രീരാമന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രം ഒരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇടമായി മാറരുത്. മനസ്സിൽ അകളങ്കിതമായ ഭക്തി മാത്രമുള്ളവർ ഒരിക്കലും അത്തരത്തിലുള്ള നെറികേടിനു മുതിരുകയുമില്ല. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം രാജ്യത്തിന്റെ അകമഴിഞ്ഞ ആദരവും പ്രശംസയും അർഹിക്കുന്നവരാണ്. പ്രധാനമന്ത്രിയും കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്ന ബി.ജെ.പിയും നടുനായകത്വം വഹിച്ചു എന്നതിന്റെ പേരിൽ രാമക്ഷേത്രം ആർക്കും അസ്പൃശ്യമാകണമെന്നില്ല. തിങ്കളാഴ്ച പ്രാണപ്രതിഷ്ഠ കഴിയുന്നതോടെ രാമക്ഷേത്രം രാജ്യത്തിന്റെ പൊതുസ്വത്താവുകയാണ്. ആർക്കും അവിടെ പോകാം. ഭക്തിയുള്ളവർക്ക് മനസ്സു നിറഞ്ഞ് പ്രാർത്ഥിക്കാം. അല്ലാത്തവർക്ക് അതിന്റെ നിർമ്മാണ ചാതുരി കണ്ട് നിർവൃതിയടയാം. ഏതുനിലയിൽ നോക്കിയാലും രാജ്യത്തെ ഏറ്റവും ആകർഷകമായ ഒരു തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നുള്ളതിൽ സംശയം വേണ്ട. അയോദ്ധ്യയുടെ വികസന സാദ്ധ്യതകൾക്കൊപ്പം ഉത്തർപ്രദേശിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയും അത് ഉറപ്പുവരുത്തും. അയോദ്ധ്യാ വികസനത്തിനായി ചെലവഴിച്ച പണം കാലാന്തരത്തിൽ തിരിച്ചുകിട്ടുകയും ചെയ്യും. സംഘർഷഭൂമി എന്ന നിലവിട്ട് ശാന്തിയും സമാധാനവും പുലരുന്ന പുണ്യഭൂമിയായി അയോദ്ധ്യ മാറുമ്പോൾ രാജ്യം ഒന്നാകെയാകും അതിനെ സ്വാഗതം ചെയ്യുക. അയോദ്ധ്യ പുതുതായി രാഷ്ട്രത്തിനു നൽകുന്ന സന്ദേശം ഉൾക്കൊള്ളാൻ എല്ലാ വിഭാഗക്കാർക്കും മനസ്സുണ്ടാകണം. ധാരാളം ഉയർച്ചതാഴ്ചകൾ കണ്ട രാജ്യത്തിന് അയോദ്ധ്യയിലെ രാമക്ഷേത്രം പുതിയൊരു പ്രകാശഗോപുരമാണ്. പവിത്രമായ ഒരു സങ്കല്പത്തിന്റെ സാക്ഷാത്കാരം കൂടിയാണത്.