തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രയാസം അനുഭവിക്കുന്ന ഹൈസപ്പോർട്ട് ആവശ്യമായ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഗുരുതര രോഗം ബാധിച്ച് അവശനിലയിലുള്ളതും അംഗവൈകല്യം ബാധിച്ചതുമായ ജീവനക്കാരെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം മുഖേന ഹാജർ രേഖപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ സർക്കാരിന് ലഭിച്ചിരുന്നു. സംസ്ഥാനത്താകെ 16,991 ഭിന്നശേഷിക്കാരാണ് സർക്കാർ സർവീസിലുള്ളത്.
ഓരോരുത്തരുടെയും അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേകമായി പരിശോധിച്ച് സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗിൽ നിന്ന് ഒഴിവാക്കാൻ വകുപ്പ് മേധാവിക്കോ ജില്ലാ ഓഫീസർക്കോ അധികാരം ഉണ്ടായിരിക്കും. ഹാജർ രജിസ്റ്ററിൽ രേഖപ്പെടത്തുകയും ലീവുകൾ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്‌പാർക്ക് വഴിയും നൽകണം. ഹാജർ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ലീവുകൾ ക്രമീകരിച്ചെന്ന് ഉറപ്പാക്കിയ ശേഷമേ ശമ്പള ബിൽ തയ്യാറാക്കാവൂ. സ്പാർക്ക് പ്രൊഫൈലിൽ ഈ ആനുകൂല്യം ലഭ്യമാകുന്നതിനായി പി.എച്ച് (ഫിസിക്കലി ഹാൻഡിക്യാപ്പ്ഡ്) എന്ന് രേഖപ്പെടുത്തണമെന്നും പൊതുഭരണ വകുപ്പ് നിർദ്ദേശിച്ചു.