
തിരുവനന്തപുരം: 'കേരളകൗമുദി വാർത്ത കണ്ട് വിളിക്കുകയാണ്. നിഖിലിനെ കാണാൻ ഗവർണർക്ക് ആഗ്രഹമുണ്ട്' .നിഖിലിന് വിശ്വസിക്കാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസിൽ നിന്നായിരുന്നു ആ ഫോൺ സന്ദേശം. നിസാര പ്രതിസന്ധികളിൽപ്പോലും തളരുന്നവരുടെ ഈ കാലഘട്ടത്തിൽ ഉത്തരവാദിത്വങ്ങൾ പൂർണ മനസോടെ നിറവേറ്റുന്നതാണ് ഗവർണറെ ആകർഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച.
ഓട്ടിസമുള്ള 16കാരൻ അനുജൻ അപ്പുവിന്റെയും പാർക്കിൻസൻസ് രോഗം ബാധിച്ച അമ്മ ഷീബയുടെയും മുഴുവൻ കാര്യങ്ങളും നോക്കുന്ന സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടുവിദ്യാർത്ഥി നിഖിലിനെ കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതോടെ ഫോൺകോളുകളുടെ പ്രവാഹമാണ്.ഷെഫ് ആകാൻ കൊതിക്കുന്ന നിഖിലിനെ ഷെഫ് സുരേഷ് പിള്ളയും വിളിച്ചിരുന്നു. പരീക്ഷ അടുത്തുവരുന്നതിനാൽ അമ്മയാണ് ഫോൺ എടുക്കുന്നത്.
അനുജനെ ഉറക്കുന്നതും ഊട്ടുന്നതും കുളിപ്പിക്കുന്നതും നിഖിലാണ്. പാചകവും മറ്റാരുമല്ല. അമ്മയ്ക്ക് മരുന്നും ഭക്ഷണവും നൽകി ഉറങ്ങുമ്പോൾ ഏറെ വൈകും. നന്നായി പാടുന്ന നിഖിൽ സാമ്പത്തികപ്രതിസന്ധികൾ കാരണം തന്റെ സ്വപ്നങ്ങൾ മാറ്റിവച്ചിരിക്കുകയാണ്. കേശവദാസപുരത്ത് വാടകയ്ക്കാണ് താമസം. 2015ൽ അച്ഛൻ വിനോദിന്റെ ആകസ്മിക മരണമാണ് ജീവിതം ഇരുട്ടിലാക്കിയത്.ഷീബ മെഷീൻ വിതരണകമ്പനിയുടെ ഏജന്റാണ്. അതിൽ നിന്നുകിട്ടുന്ന കമ്മിഷനാണ് ഏക വരുമാനം.
അനുജനെ പഠിപ്പിക്കണം
കൊവിഡ് വരെ അനുജൻ അപ്പു സ്പെഷ്യൽ സ്കൂളിൽ പഠിച്ചിരുന്നു. ലോക്‌ഡൗൺ വന്നതോടെ അതു മുടങ്ങി. അനുജനെ പഠിപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്വപ്നം.