
വട്ടപ്പാറ:ഗാന്ധി സന്ദർശനത്തിന്റെ തൊണ്ണൂറാം വാർഷികം ആഘോഷമാക്കി വേറ്റിനാട് ഗ്രാമം. വേറ്റിനാട്ടിൽ ഗാന്ധിജിയുടെ പാദസ്പർശമേറ്റിട്ട് ഇന്നലെ 90 വർഷം പൂർത്തിയായി.1934 ജനുവരി 20ന് ഗാന്ധിജിയുടെ നാലാം കേരള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം വേറ്റിനാട് എത്തിയത്. ദളിത് ജനവിഭാഗങ്ങൾകായുള്ള ധനശേഖരണം, ക്ഷേത്രപ്രവേശനം എന്നിവയായിരുന്നു പ്രധാന യാത്ര ഉദ്ദേശങ്ങൾ.പാലക്കാട് തുടങ്ങി കോഴിക്കോട് വഴി വർക്കല എത്തി അവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം വർക്കല, പിരപ്പൻകോട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് വേറ്റിനാട് ഊരുട്ടുമണ്ഡപ ക്ഷേത്ര മൈതാനത്ത് എത്തിയത്. ഗാന്ധിജിക്കൊപ്പം അന്ന് കസ്തൂർബാ ഗാന്ധിയും മറ്റു രണ്ടു പേരുമുണ്ടായിരുന്നു. അന്നുമുതൽ ഊരുട്ട് മണ്ഡപ ക്ഷേത്രത്തിലേക്ക് ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശനമുണ്ട്.
700 വർഷത്തോളം പഴക്കമുള്ള ഊരുട്ടു മണ്ഡപ ക്ഷേത്രം ഉലകുടയപെരുമാളിന്റെ പടയോട്ട കാലത്ത് അദ്ദേഹം വിശ്രമിക്കാനായി നിർമ്മിച്ചതാണ്. 1978ലാണ് നാട്ടുകാരും അമ്പലം ഭരണസമിതിയും ചേർന്ന് ഗാന്ധിജിക്ക് സ്മാരകം നിർമ്മിച്ചത്.
പിന്നീട് സർക്കാർ നാലു കോടിയോളം രൂപ ഫണ്ട് അനുവദിക്കുകയും ഗാന്ധി സ്മാരകവും ഓഡിറ്റോറിയവും പണി കഴിപ്പിക്കുകയുമായിരുന്നു. നിലവിൽ ഗാന്ധി സ്മാരകത്തിനു പുറമേ ഗാന്ധി മ്യൂസിയം ഗാന്ധിജിയുടെ പ്രതിമ, വിശാലമായ ഹാൾ, ടോയ്‌ലെറ്റ് എന്നിവ ചേർത്താണ് ടൂറിസം വകുപ്പ് ഗാന്ധി സ്മാരകവും ടൂറിസം ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ കേന്ദ്രവും നിർമിച്ചത്.
ഗാന്ധിജിയുടെ ക്ഷേത്ര സന്ദർശനത്തിന്റെ വാർഷികത്തിന്റെ ഭാഗമായി മഹാത്മാ പാദ മുദ്ര@90 എന്ന പേരിൽ സംഘടിപ്പിച്ച പരിപടി മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എൽ.പി, യു.പി, എച്ച്.എസ് വിദ്യാർഥികൾക്കായി ചിത്രരചന ഉപന്യാസ മത്സരങ്ങളും സംഘടിപ്പിച്ചു.