
തിരുവനന്തപുരം:സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള പദ്ധതിക്ക് വേഗത കുറഞ്ഞതോടെ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടി.130കിലോമീറ്ററാക്കി വേഗത കൂട്ടുന്നതിന് പകരം 110കിലോമീറ്ററെങ്കിലും നേടിയെടുക്കാനും നിർദ്ദേശിച്ചു.ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനായി റെയിൽവേ ട്രാക്കുകളുടെ വളവ് നികത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന 1300കോടിയുടെ പദ്ധതി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു.വന്ദേഭാരത് സർവ്വീസുകൾ ആരംഭിച്ചതോടെയാണ് റെയിൽപ്പാതകൾക്ക് ബലംകൂട്ടി വേഗത കൂട്ടാൻ തീരുമാനിച്ചത്.
നിലവിൽ സംസ്ഥാനത്തെ ട്രാക്കുകളിലൂടെ ട്രെയിനുകൾക്ക് കൈവരിക്കാവുന്ന പരമാവധി വേഗത മണിക്കൂറിൽ 90കിലോമീറ്ററാണ്.ഷൊർണ്ണൂർ മുതൽ മംഗലാപുരംവരെയുള്ള ട്രാക്കിൽ ചിലയിടങ്ങളിൽ 110കിലോമീറ്റർ വേഗതയെടുക്കാം.സംസ്ഥാനത്ത് ശരാശരി കിട്ടുക 55കിലോമീറ്റർ വേഗതയാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സർവീസ് നടത്തുന്ന വന്ദേഭാരതാണ് കേരളത്തിലൂടെ ഏറ്റവും വേഗത്തിൽ പായുന്നത്. അത് 80കിലോമീറ്ററാണ്. ശരാശരി വേഗത 73കിലോമീറ്ററും.വന്ദേഭാരതിന് കൈവരിക്കാവുന്ന ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 160കിലോമീറ്ററാണ്.രാജ്യത്ത് വന്ദേഭാരത് 160കിലോമീറ്റർ വേഗത്തിൽ പായുന്നത് ഡൽഹി - വാരാണസി റൂട്ടിൽ മാത്രമാണ്.
200 മുതൽ 220കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾക്ക് പായാനാകുന്ന സിൽവർലൈൻ പദ്ധതിക്ക് ബദലാണെന്ന പ്രചരണത്തോടെയാണ് സംസ്ഥാനത്ത് വന്ദേഭാരത് നടപ്പാക്കിയത്. 160കിലോമീറ്റർ വേഗത്തിലോടിക്കാനാകുന്ന വന്ദേഭാരത് ഒരുവർഷത്തിനുള്ളിൽ 130കിലോമീറ്റർ വേഗത്തിലോടിക്കാനാണ് പാതകൾ ബലപ്പെടുത്തുന്ന ജോലികളും വളവ് നികത്തലുമൊക്കെ ആരംഭിച്ചത്.ഇതിന്കരാറും നൽകി.എന്നാൽ ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിലെ താമസം,പാറ കിട്ടുന്നതിലെ ബുദ്ധിമുട്ട് എന്നിവ പദ്ധതി നിർവ്വഹണം വൈകിപ്പിച്ചെന്നാണറിയുന്നത്. ദക്ഷിണറെയിൽവേയിലെ മറ്റിടങ്ങളിലും പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ മുന്നേറിയില്ല.കേരളത്തിലെ പാതകളിൽ മുന്നൂറിലേറെ വളവുകളാണ് നികത്താനുണ്ടായിരുന്നത്. ലിഡാർ സർവ്വേയിൽ കണ്ടെത്തിയതാണിത്.ഇതിൽ അനിവാര്യമായ ഇടങ്ങളിൽ വളവ് നികത്തി പരമാവധി വേഗത നേടിയെടുക്കാനാണ് ലക്ഷ്യമിട്ടത്.
ലിഡാർ സർവ്വേ
റോഡുകൾ,റെയിൽപ്പാതകൾ,നദികൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി നടത്തുന്ന സർവ്വേകൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക വിദൂര സെൻസിംഗ് സങ്കേതിക വിദ്യയാണ് ലിഡാർ (ലേസർ ഇമേജിംഗ് ഡിറ്റക്ഷൻ റേഞ്ചിംഗ്). ലേസർ അല്ലെങ്കിൽ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ച് നിർദ്ദിഷ്ടപ്രദേശത്തിന്റെ സൂക്ഷ്മമായ മാപ്പിംഗ് തയ്യാറാക്കി ഡിജിറ്റൽ രേഖയുണ്ടാക്കും. ഭൂമിയുടെ പൂർണ്ണ വിവരങ്ങൾ കൃത്യതയോടെ ഇതിലൂടെ കിട്ടും. കേരളത്തിലെ റെയിൽവേ ലൈനിന്റെ ലിഡാർ സർവ്വേയിൽ 35% വളവുകളുണ്ടെന്ന് കണ്ടെത്തി.ആകെ 1257 കിലോമീറ്ററിൽ 626 വളവുകൾ.അതിൽ 202 കൊടുംവളവുകളാണ്.
#കേരളത്തിലെ റെയിൽവേപ്പാതയുടെ നീളം 1257 കിലോമീറ്റർ
#നിലവിലെ പരമാവധി വേഗത മണിക്കൂറിൽ 90കിലോമീറ്റർ.
#വന്ദേഭാരതിന്റെ വേഗത 80കിലോമീറ്റർ
#ട്രെയിനുകളുടെ ശരാശരി വേഗത 55കിലോമീറ്റർ