ko

കോവളം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി വിഴിഞ്ഞം കെ.എസ്‍.ആർ.ടി.സി ഡിപ്പോ. 48 വർഷത്തോളം പഴക്കമുള്ള ഡിപ്പോയിലെ കെട്ടിടങ്ങൾ പലതും നിലംപൊത്താറായ അവസ്ഥയിലാണ്. വെയിറ്റിംഗ് ഷെഡിന്റെയും വനിതകൾക്കായുള്ള വിശ്രമമുറിയുടെയും അവസ്ഥ വ്യത്യസ്തമല്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾ നടത്താനുള്ള സൗകര്യം പോലും ഡിപ്പോയിലില്ല. മഴ പെയ്താൽ ഡിപ്പോയിലെ ഗ്രൗണ്ട് വെള്ളത്തിനടിയിലാകും

വിഴിഞ്ഞം തുറമുഖ നഗരത്തിലെ ബസ് സ്റ്റാൻഡ് ദുരവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതികളേറെയാണ്. ഗ്യാരേജിൽ ലൈറ്റ് സംവിധാനങ്ങൾ ഇല്ലാതെ ഇരുട്ടിലാണ്. ബസ് സ്റ്റാൻഡിനകത്ത് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. മഴ പെയ്താൽ ബസുകൾ കുഴികളിൽ വീഴുന്നത് നിത്യ സംഭവമാണ്. തീരദേശ വാസികളുടെയും മത്സ്യ തൊഴിലാളികളുടെയും തുറമുഖ ജോലിക്കാരുടെയും ഏക ആശ്രയമാണ് വിഴിഞ്ഞം ബസ് സ്റ്റാൻഡ്. രാത്രിയായാൽ ഡിപ്പോ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകും.

 പരാതികൾ മാത്രം

സീസൺ സമയത്ത് ആയിരകണക്കിന് മത്സ്യ തൊഴിലാളികൾ വന്നുപോകുന്ന ഇവിടം നായ്ക്കളുടെ വിഹാരകേന്ദ്രവുമാണ്. കൂടാതെ ഇവിടം പരിസരം കാടു പിടിച്ചു വൃത്തിഹീനമായി കിടക്കുന്നു. മൂക്ക് പൊത്തി ബസ് സ്റ്റാൻഡിൽ നിൽക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞത്തേത്. അത്യാധുനിക ഓഫീസ് കോംപ്ലക്‌സ് നിർമ്മിക്കുമെന്ന പ്രഖ്യാപനവും നീളുകയാണ്. ഡിപ്പോയിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കിണർ കുഴിക്കുന്നതിന് ഭൂതല ജല വകുപ്പിന് പണം അടച്ചെങ്കിലും അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ദിവസം ലഭിക്കുന്ന കുടിവെള്ളത്തെ ആശ്രയിച്ചാണ് ഡിപ്പോയുടെ പ്രവർത്തനം.

 ബസുകൾ കട്ടപ്പുറത്ത്

മുമ്പ് 74 ഷെഡ്യൂളുകളും 75 വാഹനങ്ങളും ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 48 ഷെഡ്യൂളുകൾക്ക് താഴെയാണ്. എന്നാൽ ഷെഡ്യൂളുകൾ കുറഞ്ഞിട്ടും വരുമാനം കുറഞ്ഞിട്ടില്ല. പ്രതിദിനം ആറുലക്ഷത്തോളം രൂപയുടെ വരുമാനമുണ്ട്. നിലവിൽ 62 ബസുകൾ ഡിപ്പോയിൽ ഉണ്ടെങ്കിലും 45 ബസുകളാണ് കണ്ടീഷനായി ഓടുന്നത്. മറ്റുള്ളവ അറ്റകുറ്റപ്പണികളുടെ പേരിൽ കട്ടപ്പുറത്താണ്. നിലവിൽ ഡ്രൈവർമാരുടെ അഭാവം ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.