
തിരുവനന്തപുരം : കേരളത്തിന് മഹത്തായ പാരമ്പര്യമുണ്ടെന്നും സ്ത്രീകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സമൂഹമാണിതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം കൈമനത്ത് ബി.എസ്.എൻ.എൽ റീജിയണൽ ടെലികോം ട്രെയിനിംഗ് സെന്ററിൽ 15ാമത് ആദിവാസി യുവജന സാംസ്‌കാരിക വിനിമയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്,സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ രാജീവ് കുമാർ ചൗധരി, നെഹ്‌റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ എം.അനിൽ കുമാർ,വാർഡ് കൗൺസിലർ ആശാനാഥ്.ജി.എസ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രാലയം,യുവജനകാര്യ കായിക മന്ത്രാലയം നെഹ്രു യുവ കേന്ദ്ര സംഘാതൻ തുടങ്ങിയവ സംയുക്തമായിയാണ് ആദിവാസി യുവജന സാംസ്‌കാരിക വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. 26വരെ നടക്കുന്ന സാംസ്‌കാരിക വിനിമയ പരിപാടിയിൽ ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ള 200 യുവതി,യുവാക്കളാണ് പങ്കെടുക്കുന്നത്. ഇവരോടൊപ്പം സി.ആർ.പി. എഫ്, ബി എസ്.എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കുന്നുണ്ട്. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘം കേരള നിയമസഭാ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, സയൻസ് ഫെസ്റ്റിവൽ,കോവളം ബീച്ച്, മ്യൂസിയം, തിരുവനന്തപുരം മൃഗശാല എന്നിവടങ്ങളും സന്ദർശിക്കും.
തിറ ആസ്വദിച്ചും താളംപിടിച്ചും ഗവർണർ
ആദിവാസി യുവജന സാംസ്‌കാരിക വിനിമയ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ സംഘം തങ്ങളുടേതായ കലാപരിപാടികളോടെയാണ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണറെ സ്വീകരിച്ചത്. കാറിൽ നിന്ന് ഇറങ്ങിയ ഗവർണർ നേരെ ഇവരുടെ ഇടയിലേക്ക് ഇറങ്ങി.ആദ്യം തിറ അവതരിപ്പിച്ചവർക്കിടയിലേക്ക് പോയ ഗവർണർ അവർക്കൊപ്പം താളം പിടിച്ചു.തുടർന്ന് മേളക്കാർക്കൊപ്പം കൂടിയ അദ്ദേഹം അവരുടെ വാദ്യോപകരണങ്ങളിൽ ഒരു കൈ നോക്കുകയും ചെയ്തു.