തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ജില്ലയിൽ ആവേശക്കടലായി. ഇന്നലെ വൈകിട്ട് 4.30നാണ് മനുഷ്യച്ചങ്ങല ആരംഭിച്ചതെങ്കിലും മണിക്കൂറുകൾക്ക് മുമ്പേ പ്രവർത്തകർ അതത് സ്ഥലത്ത് അണിനിരന്നു.
സംസ്ഥാനതല ഉദ്ഘാടനം നടന്ന രാജ്ഭവന് മുന്നിലും പ്രവർത്തകർ നേരത്തെ എത്തിയിരുന്നു. വൈകിട്ട് മൂന്ന് മുതൽ രാജ്ഭവന് മുന്നിൽ കലാപരിപാടികൾ ആരംഭിച്ചിരുന്നു. നഗരത്തിൽ റോഡുപണിക്ക് വേണ്ടി പല റോഡുകളുമടച്ച സാഹചര്യത്തിൽ രാജ്ഭവന് മുന്നിലെ ഗതാഗതനിയന്ത്രണം കൂടിയായപ്പോൾ വാഹനങ്ങൾ കുരുക്കിലായി. പരിപാടി അവസാനിക്കാൻ മിനിട്ടുകൾക്ക് മുമ്പ് മഴ പെയ്‌തെങ്കിലും നിശ്ചയിച്ചതനുസരിച്ച് പരിപാടികൾ നടന്നു.
ജില്ലയിൽ രാജ്ഭവൻ മുതൽ ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കിലോ മീറ്റർ ദൂരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം ഒരു ലക്ഷത്തോളം പേർ അണിചേർന്നു. കടമ്പാട്ടുകോണം മുതൽ നാവായിക്കുളം വരെ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയിലെ പ്രവർത്തകർ അണിനിരന്നു. പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് കമ്മിറ്റിയിയുടെ നേത്വത്തിലുള്ള ചങ്ങല നാവായിക്കുളം മുതൽ കല്ലമ്പലം വരെ അണിനിരന്നു. പൊതുയോഗം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു.
വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റി കല്ലമ്പലം മുതൽ കടുവാ പള്ളിവരെ അണിചേർന്ന ചങ്ങലയുടെ പൊതുയോഗം ഡി.കെ.മുരളി എം.എൽ.എയും നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി കടുവാപള്ളി മുതൽ ചാത്തൻപാറ വരെ അണിനിരന്ന ചങ്ങലയുടെ പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ബി.ബിജുവും ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പുവൻപാറയിൽ ആരംഭിച്ച് ആറ്റിങ്ങൽ ഐ.ടി.ഐ ജംഗ്ഷൻ വരെ അണിചേർന്ന സ്ഥലത്തെ യോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷും നേമം ബ്ലോക്ക് കമ്മിറ്റി പാലമൂട് മുതൽ നവധാര ജംഗ്ഷൻ വരെ അണിനിരന്ന ഭാഗത്തെ യോഗം കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യനും ഉദ്ഘാടനം ചെയ്തു.
നവധാര ജംഗ്ഷൻ മുതൽ എ.ജെ കോളേജ് വരെ കോവളം ബ്ലോക്ക് കമ്മിറ്റി അണിനിരന്നു. യോഗം സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറക്കോട് മുതൽ സി.ആർ.പി.എഫ് ജംഗ്ഷൻ വരെ നെയ്യാറ്റിൻകര ബ്ലോക്ക് പ്രവർത്തകർ അണിചേർന്നു, യോഗം ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം മുതൽ പാങ്ങപ്പാറ ഹെൽത്ത് സെന്റർ വരെ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയാണ് അണിനിരന്നത്. യോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എസ്.പി.ദീപക് ഉദ്ഘാടനം ചെയ്‌തു. പാങ്ങപ്പാറ മുതൽ ശ്രീകാര്യം വരെ വെള്ളറട ബ്ലോക്ക് കമ്മിറ്റി അണിനിരന്ന സ്ഥലത്തെ യോഗം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ശ്രീകാര്യം മുതൽ ഉള്ളൂർ വരെ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയാണ് അണിനിരന്നത്. ഇവിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.
മുഖ്യമന്ത്രിയുടെ കുടുംബമെത്തി
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയൻ,മകൾ വീണ,ചെറുമകൾ ഇഷാൻ എന്നിവർ മനുഷ്യച്ചങ്ങലയുടെ കണ്ണികളായി.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗ് എം.എ.ബേബിയുടെ ഭാര്യ ബെറ്റി,മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവരും രാജ്ഭവന് മുന്നിൽ അണിനിരന്നു.