ayodhya

തിരുവനന്തപുരം: അയോദ്ധ്യയിൽ നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തിൽ നിന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും അടക്കം അൻപതോളം പേർക്ക് ക്ഷണപത്രം കിട്ടി. ഇതിൽ 35ലേറെ പ്രമുഖർ പങ്കെടുക്കുമെന്ന് ഇതിനകം ഉറപ്പു നൽകി. 20 പേരും സന്യാസിമാരാണ്.

അയോദ്ധ്യയിലെ തണുപ്പും കൂടെ അധികം പേരെ അനുവദിക്കാത്തതും പരിമിതമായ ഇരിപ്പിടങ്ങളും മൂലം പലരും യാത്ര പിന്നീട് നടത്താനായി മാറ്റിവച്ചിട്ടുണ്ട്. അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാർ പോകുന്നുണ്ട്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ൽ രാമക്ഷേത്രം ഭക്തർക്ക് തുറന്നുകൊടുത്ത അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ.നായരുടെ ചെറുമകൻ സുനിൽപിളള, വിജിതമ്പി, പി.ടി.ഉഷ, പദ്മശ്രീ കിട്ടിയ എം.കെ. കുഞ്ഞോൽ, വയനാടിലെ ആദിവാസി നേതാവ് കെ.സി.പൈതൽ, ചിൻമയ മിഷന്റെ കീഴിലുള്ള സ്വകാര്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ.അജയ് കപൂർ തുടങ്ങിയവർ വി.ഐ.പി പട്ടികയിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നവരിൽ ചിലരാണ്.

മാതാ അമൃതാനന്ദമയി, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർക്ക് ക്ഷണപത്രം കിട്ടിയെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല. ആദ്യം പങ്കെടുക്കാൻ സന്നദ്ധനാണോ എന്ന അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്.

അയോദ്ധ്യയിലെ ശ്രീരാമജൻമഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സംസ്ഥാന തല സമിതിക്കാണ് കോ ഓർഡിനേഷൻ ചുമതല. ആർ.എസ്.എസ് പ്രാന്തീയ സഹ കാര്യവാഹ് പ്രസാദ് ബാബുവാണ് ഇതിന്റെ കൺവീനർ. വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളാണ് കമ്മിറ്റിയിലുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആഘോഷപരിപാടികളും അക്ഷത വിതരണവും അതിഥികളെ ക്ഷണിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നത്. ക്യു ആർ. കോഡ് ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനത്തോടുകൂടിയാണ് ഇതെല്ലാം ക്രമീകരിക്കുന്നത്. ക്യു ആർ. കോഡ് സ്കാൻ ചെയ്താണ് വിമാനടിക്കറ്റും ഹോട്ടൽ താമസവും പ്രധാന വേദിയിലേക്ക് പ്രവേശനവുമുൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കാനാവുക.