
വിഴിഞ്ഞം: തുറമുഖ നിർമ്മാണത്തിന് വേഗത കൂട്ടാൻ രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് കൂറ്റൻ ഡ്രഡ്ജർ എത്തി. പുറംകടലിൽ നങ്കൂരമിട്ട ഡ്രഡ്ജറിന്റെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി. ഡ്രഡ്ജിംഗ് നടത്തുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ച ശേഷം ഇന്നു മുതൽ ഡ്രഡ്ജിംഗ് ആരംഭിക്കും. നിർമ്മാണ സ്ഥലത്തെ അവശേഷിക്കുന്ന 3 ഹെക്ടറോളം വരുന്ന യാർഡിലെ ഡ്രഡ്ജിംഗ് അതിവേഗം തീർക്കുന്നതിനുവേണ്ടിയാണ് ശക്തിയേറിയ ഡ്രഡ്ജർ എത്തിച്ചത്. ഇന്ത്യൻ ഫ്ലാഗിനു കീഴിലെ മുംബയിൽ നിന്നുള്ള വോൾവോക്സ് ഏഷ്യ എന്ന ഡ്രഡ്ജറാണിത്. 1998ൽ നിർമ്മിച്ച ഡ്രഡ്ജറിന് 133.93 മീറ്റർ നീളവും 26 മീറ്റർ വീതിയുമുണ്ട്. 8.5 നോട്സ് ആണ് ഇതിന്റെ വേഗത. ഇപ്പോൾ ശാന്തി സാഗർ4 ആണ് വിഴിഞ്ഞത്ത് ഡ്രഡ്ജിംഗ് നടത്തുന്നത്. ശാന്തി സാഗർ 11,12 എന്നിവ ദൗത്യം പൂർത്തിയാക്കി മുന്ദ്ര തുറമുഖത്തേക്ക് മടങ്ങി.