
ത്രേതായുഗത്തിൽ രാമൻ ജനിക്കുമ്പോൾ കൊട്ടാര നഗരമായിരുന്നു സരയൂതീരത്തെ അയോദ്ധ്യ. ഹിമാലയത്തിലെ നന്ദ പർവ്വതത്തിൽ നിന്ന് ഉറവയെടുക്കുന്ന സരയൂനദി. അതിന്റെ തീരത്ത് അയോദ്ധ്യാപുരി ശ്രീരാമ ജൻമഭൂമി. ചരിത്രവും ഭക്തിയും വിശ്വാസവും ഇഴചേരുന്ന രാമായണ കഥാഭൂമിക.
അയോദ്ധ്യ നഗര മദ്ധ്യത്തിൽ കോട്ടക്കുള്ളിലാണ് ഹനുമാൻ ഗഢി. അയോദ്ധ്യ സംരക്ഷിക്കാൻ ഹനുമാൻ വസിച്ചിരുന്ന ഗുഹ. അവിടെ അമ്മ അഞ്ജനയുടെ  മടിയിൽ ഹനുമാൻ പ്രതിഷ്ഠ. സരയൂവിലേക്കുള്ള കടവിൽ ശ്രീരാമൻ അശ്വമേധയാഗം നടത്തിയ തീർത്ഥ് കാ താകൂർ. അവിടെ കൃഷ്ണശിലാ ക്ഷേത്രത്തിൽ രാമന്റെയും ലക്ഷ്മണ - ഭരത - ശത്രുഘ്നന്മാരുടേയും പ്രതിഷ്ഠ. അതിന് വലത്തുഭാഗത്ത് സ്വർണ്ണ മനോഹര മന്ദിരം, കനക്ഭവൻ. രാമനെ വനവാസത്തിനയച്ച വളർത്തമ്മ കൈകേയി, സീതാദേവിക്ക് സമ്മാനിച്ചത്. അതിനടുത്ത് രാമപുത്രൻ കുശൻ നിർമ്മിച്ച നാഗേശ്വർനാഥ് ക്ഷേത്രം.സീതാദേവിക്ക് പിതാവ് ജനകൻ നൽകിയ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മണിപർവ്വതവും കാണാം. അവിടെയും ഒരു ക്ഷേത്രം.
വർഷകാല സന്ധ്യകളിൽ സീതാരാമൻമാർ ഉൗഞ്ഞാലാടാറുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മണിപർവ്വതം കടന്നാൽ അയോദ്ധ്യയിലെ കൊട്ടാര ഉൗട്ടുപുര 'രാംകീ പൈദി'. അത് പിന്നിടുമ്പോൾ കൊട്ടാര പൂജാഗൃഹമായിരുന്ന ചക്രഹർജി വിഷ്ണുക്ഷേത്രം, തൊട്ടു താഴെ തുളസീദാസ്, രാമായണ ഭജന നടത്തിയ തുളസീഭവൻ. അങ്ങനെ രാമപ്രയാഗ് വരെ രാമനാമ മഹിമ. കുന്നുകളും കടവുകളും ക്ഷേത്രങ്ങളും ചേർന്ന് സംസ്ക്കാരത്തിന്റെ നിഴൽചാർത്തുകളിൽ വിസ്മയിപ്പിക്കുന്ന നഗരം. ലോകത്തെ പ്രൗഢഗംഭീര തീർത്ഥാടനനഗരമെന്ന പെരുമയിലേക്ക് തലയുയർത്തുന്ന പുതിയ അയോദ്ധ്യ മനോഹരമായൊരു ടൂറിസ്റ്റ് സർക്കീറ്റായി വികസിച്ചു.
ഇന്ന് രാമക്ഷേത്രം തുറക്കുമ്പോൾ വമ്പൻ വ്യവസായഗ്രൂപ്പുകൾ അയോദ്ധ്യയെ സമൃദ്ധമാക്കാനുള്ള ഒരുക്കത്തിലാണ്. ഒരുലക്ഷം കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾക്ക് അടിത്തറയായി. രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പും അയോദ്ധ്യയായിരിക്കും. പാരമ്പര്യ ആധുനിക ശൈലികൾ സംയോജിക്കുന്ന 'ന്യൂഅയോദ്ധ്യ'.
സഞ്ചാരികളുടെ പറുദീസയാകും
രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാകും അയോദ്ധ്യ. ദിവസം 80,000 മുതൽ ഒരുലക്ഷം വരെ സന്ദർശകരെ പ്രതീക്ഷിക്കുന്നു. താജ്,റാഡിസൺസ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടൽ ഗ്രൂപ്പുകളും സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലും രാമന്റെ നാട്ടിലുണ്ടാകും. ഡാബർ ഇന്ത്യ,കൊക്കക്കോള, ഐ.ടി.സി, പാർലെ തുടങ്ങിയ എഫ്.എം.സി.ജി കമ്പനികൾ വിതരണ ശൃംഖലകളൊരുക്കുകയാണ്.
വികസന വിപ്ലവം
അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷൻ നവീകരിച്ചു. ചെലവ് 240കോടി. 60,000പേരെ ഉൾക്കൊള്ളും. 6500ചതുരശ്ര മീറ്റർ വലിപ്പത്തിൽ 1,450കോടി രൂപചെലവി. പുതിയ എയർപോർട്ടും. മഹാഋഷി വാൽമീകി ഇന്റർനാഷണൽ എയർപോർട്ട് പ്രതിവർഷം 10ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. രണ്ടാംഘട്ടത്തിൽ 60 ലക്ഷമാകും. ക്ഷേത്രത്തിലേക്കുള്ള റാംപഥ്, ഭക്തിപഥ്,ധരപഥ്,ശ്രീരാമ ജന്മഭൂമിപാത റോഡുകൾ, വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ - സുൽത്താൻപൂർ നാലുവരി പാത, ശ്രീരാമജന്മഭൂമി വരെയുള്ള നാലുവരിപ്പാത തുടങ്ങി സ്വപ്നസമാന സൗകര്യങ്ങൾ.
അയോദ്ധ്യയിലെ കണ്ണായ സ്ഥലമാണ് സരയൂ. രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് മാത്രം ദൂരം. അവിടെ നൂറ്റിപ്പത്തോളം ഹോട്ടലുകൾ. സരയൂവിൽ അമിതാഭ് ബച്ചനും സ്ഥലം വാങ്ങി. ഇ-കഫേകൾ, ഭക്ഷണശാലകൾ, വാട്ടർ സ്‌പോർട്ടുകൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ എന്നിവയുമൊരുങ്ങും. 250ഓളം ബാങ്ക് ശാഖകളാണ് വരുന്നത്. കേരളത്തിലെ ഫെഡറൽ ബാങ്കും അയോദ്ധ്യയിൽ കൂടുതൽ ശാഖകൾ തുറക്കും.
കല്യാൺ ജുവലേഴ്സിന്റെ 250 ഷോറൂമുകളാണ് രാമരാജ്യത്തെത്തുന്നത്.