arif-mohammad-khan

തിരുവനന്തപുരം: തിരക്കു കാരണം പട്ടയഭൂമി ഭേദഗതി ബിൽ ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിഗണിച്ചില്ല. പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമപ്പെടുത്താനുള്ള ബിൽ ജനതാത്പര്യം പരിഗണിച്ചുള്ളതാണെന്നും അതിനെതിരായ പരാതികളിൽ കഴമ്പില്ലെന്നും സർക്കാർ വിശദീകരണം നൽകിയിരുന്നു.

കാര്യവട്ടം ഗ്രീൻഫീൽഡിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹസത്കാരം ഉൾപ്പെടെയുള്ള തിരക്കിലായിരുന്നു ഗവർണർ.

സർക്കാരിന്റെ വിശദീകരണം പരിശോധിച്ച ശേഷമാവും ഗവർണർ ബില്ലിലൊപ്പിടുക. ഒപ്പിടാൻ വൈകിയിട്ടില്ലെന്നും സർക്കാർ മറുപടി നൽകാൻ വൈകിയെന്നും ഗവർണർ ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബില്ലിനെ പറ്റി മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരം രാജ്ഭവനെ സർക്കാർ അറിയിച്ചിരുന്നെങ്കിൽ നടപടി വേഗത്തിലായേനേ എന്നും പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈയിലേക്ക് പോവുന്നുണ്ട്. അതിനകം ബില്ലിൽ തീരുമാനമായേക്കും. ഭൂമിതരംമാറ്റത്തിന് ആർ.ഡി.ഒമാർക്ക് പുറമെ 69 ഡെപ്യൂട്ടി കളക്ടർമാർക്കുഅധികാരം നൽകാനുള്ള ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിട്ടേക്കും.

നയപ്രഖ്യാപനം

എത്തിച്ചില്ല

25ന് നിയമസഭയിൽ നടത്തേണ്ട പുതുവർഷത്തിലെ നയപ്രഖ്യാപനത്തിന്റെ കരട് സർക്കാർ രാജ്ഭവനിൽ എത്തിച്ചില്ല. കരടിന് ഗവർണർ അനുമതി നൽകണം. വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗം കരട് അംഗീകരിച്ചിരുന്നു. പ്രസംഗം ഇന്ന് രാജ്ഭവനിലെത്തിച്ചേക്കും.