
തിരുവനന്തപുരം : ഇന്ന് വിവാഹിതയായകുന്ന ശ്രീചിത്രാ ഹോമിലെ അന്തേവാസിയും എം.ഫിൽ ബിരുദ ധാരിയുമായ സുമിതയ്ക്ക് സമ്മാനവുമായി അദ്ധ്യാപകരെത്തി.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിവിധ സബ്ജക്ട് കൺവീനർമാരായ അദ്ധ്യാപകരുടെ കൂട്ടായ്മ സ്‌നേഹ സമ്മാനമായി 15,000 രൂപ കൈമാറി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇന്ദു.എൽ.ജി, ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോ.കെ.ഗീതാ ലക്ഷ്മി, കൺവീനർ ജെ.എം.റഹീം തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 11.30ന് ശ്രീചിത്രാഹോം അങ്കണത്തിലാണ് സുമിതയുടെ വിവാഹം.
രണ്ടാം ക്ലാസ് മുതൽ ശ്രീചിത്രാ ഹോമിൽ എത്തിയ സുമിത മലയാളസാഹിത്യത്തിൽ പി.ജിയും എം.ഫിലും നേടി. ഇതോടൊപ്പം ബി.എഡും സ്വന്തമാക്കി. ഇടക്കാലത്ത് സർക്കാർ ഹൈസ്‌കൂളിൽ അദ്ധ്യാപികയായി താൽക്കാലികമായി ജോലി നോക്കി. ഇപ്പോൾ പി.എസ് .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
മുട്ടത്തറ മഹിന്ദ്ര ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവായ നാലാഞ്ചിറ ചൂഴമ്പാല പനവിള പുത്തൻവീട്ടിൽ അഖിൽ ബി.ജിയാണ് സുമിതിയ്ക്ക് കൂട്ടായി എത്തുന്നത്.അച്ഛൻ മരിച്ചതോടെയാണ് സുമിതയും ചേച്ചിയും ശ്രീചിത്രാഹോമിലെത്തിയത്. ചേച്ചിയുടെ വിവാഹവും ശ്രീചിത്രാ ഹോമിലായിരുന്നു. അമ്മ ഇന്ദിര.