തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ സയൻസ് പ്രദർശനം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ആരംഭിച്ചു. ഗുഹാമനുഷ്യരെയും ചാൾസ് ഡാർവിൻ സഞ്ചരിച്ച കപ്പലും കാണാൻ നിരവധി പേരെത്തി. എല്ലാ പവലിയനും രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു. നാസയുടെ മാർസ് സയൻസ് ലബോറട്ടറി മിഷന്റെ ഭാഗമായി ചൊവ്വയിൽ ഇറങ്ങിയ ക്യൂരിയോസിറ്റി റോവറിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ സയൻസ് ഫെസ്റ്റിന്റെ ഭാഗമായി ആദ്യമായി കേരളത്തിലെത്തുന്നു. കാലിഫോർണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ സംവാദപരിപാടിയിൽ പങ്കെടുക്കാൻ നാളെ എത്തും.
ന്യൂയോർക്ക് സിറ്റി കോളേജിലെ എർത്ത് ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പ്രൊഫ.കെയിൽ. സി. മക്‌ഡൊനാൾഡ്, നാസ, ഐ.എസ്.ആർ.ഒ, സിന്തറ്റിക് അപ്രെച്വർ റഡാർ മിഷനിൽ പ്രൊജക്ട് സയന്റിസ്റ്റായ ഡോ.പോൾ.എ.റോസൺ, കാലിഫോർണിയയിലെ റിമോട്ട് സെൻസിംഗ് സിസ്റ്റംസിൽ സയന്റിസ്റ്റായ ഡോ.സ്യൂംഗ് ബം കിം, സീനിയർ റിസർച്ച് സയന്റിസ്റ്റ് ഡോ. കാത്തലീൻ ജോൺസ്, ഇൻസ്ട്രുമെന്റ് സിസ്റ്റംസ് സെക്ഷൻ മാനേജരും പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റുമായ ഡോ.ആൻഡ്രിയ ഡൊണ്ണെല്ലാൻ എന്നിവരാണ് എത്തുന്നത്. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ശാസ്ത്രജ്ഞരുമായി സംവദിക്കാം. www.gsfk.org എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.