
ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന് സമീപത്തെ ചവർ കൂനയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. സൂപ്പർ സ്പഷ്യലിറ്റിക്ക് മുന്നിലെ പാർക്കിംഗ് യാഡിന് സമീപത്ത് കുഴിയിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചവർ കൂനയ്ക്കാണ് തീപിടിച്ചത്. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നുമാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്കയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ പാർക്കിംഗ് സ്ഥലത്തുനിന്നും വാഹനങ്ങൾ പെട്ടെന്ന് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ചവർ കൂനയിൽ നിന്നും പരന്ന വിഷപ്പുക സമീപവാസികളേയും രോഗികളേയും ബുദ്ധിമുട്ടിലാക്കിയതായും ആക്ഷപമുണ്ട്. അലക്ഷ്യമായി കൂടിക്കിടന്ന മാലിന്യ കൂമ്പാരം കണ്ടെത്തി നീക്കം ചെയ്യാതിരുന്നത് ആശുപത്രി ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. രണ്ട് മാസം മുമ്പ് എസ്.എ.ടി ആശുപത്രിക്ക് മുന്നിലും ചവർ കൂനയ്ക്ക് തീ പിടിച്ചിരുന്നു.