saritha

പാറശാല: താത്കാലിക ജീവനക്കാരിയെ ഓട്ടോറിക്ഷ ഡ്രൈവർ ആക്രമിച്ചതായി പരാതി. പാറശാല കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയും ഫീൽഡ് സ്റ്റാഫുമായ സരിതയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അനൂപിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് ഒരുമണിയോടെ ഓട്ടോയിൽ കരുമാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: പുത്തൻകടയിലെ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോയിൽ കയറി കരുമാനൂരിൽ എത്തിയപ്പോൾ ഓട്ടോ ഡ്രൈവർ സരിതയോട് മോശമായി പെരുമാറുകയും ഇത് തടയാൻ ശ്രമിക്കവേ ഓട്ടോ ഡ്രൈവർ സരിതയുടെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ കൈക്കലാക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനിടെ സരിത ഓട്ടോയുടെ താക്കോൽ കൈക്കലാക്കിയെങ്കിലും ഡ്രൈവർ ഓട്ടോ ഉപേക്ഷിച്ച് ഫോണുമായി കടന്ന് കളഞ്ഞു. ഇതിനിടെ കൃഷി ഓഫീസർ നിരവധി തവണ സരിതയുമായി വിളിക്കാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് നേരിട്ട് സ്ഥലത്തെത്തിയപ്പോഴാണ് തൊഴിലുറപ്പുകാരുടെ സാന്നിദ്ധ്യത്തിൽ കരഞ്ഞുകൊണ്ടിരുന്ന സരിതയെ കണ്ടത്. തലയിലും മുതുകിലും മർദ്ദനമേറ്റ സരിതയെ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും സ്കാനിംഗിൽ തകരാറുകൾ കണ്ടെത്തിയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരിതയുടെ പരാതിയെ തുടർന്ന് അനൂപിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.