തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ മുനുഷ്യച്ചങ്ങല കേന്ദ്ര അവഗണനയ്‌ക്കെതിരായ ചെറുത്തു നിൽപ്പിന്റെ പ്രധാന മുഖമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാജ്ഭവന് മുന്നിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി എട്ടിന് ഡൽഹിയിൽ കേന്ദ്രത്തിനെതിരായ സമരത്തിന്റെ വിശാലത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര അവഗണനയുണ്ടെന്ന് പറയുന്ന പ്രതിപക്ഷം യോജിച്ച സമരവുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നാണ് പറയുന്നത്. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള പേരാട്ടത്തിൽ രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞുനിൽക്കുകയാണ് കോൺഗ്രസ്.

നിതി ആയോഗിന്റെ സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളം ഒരു മാതൃകയായി ലോകത്തിന് മുമ്പിൽ ഉയരേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. 64000 കോടിയുടെ വിഹിതവും കുടിശികയും ലഭിച്ചാൽ സംസ്ഥാനത്തിന്റെ ചിത്രം മാറും. ഇതുവരെ സംസ്ഥാനത്തിന് 107500 കോടി രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള, പി.ബി അംഗം എം.എ ബേബി, ഡി.വൈ.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി ഹിമഗ്നരാജ് ഭട്ടാചാര്യ, സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പൻ, പി.കെ. ബിജു, എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി.ജോയി എം.എൽ.എ, ജോൺ ബ്രിട്ടാസ് എം.പി, വി.കെ മധു, കോലിയക്കോട് കൃഷ്ണൻ നായർ, കേരളകോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ മാണി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, ഷിജുഖാൻ, മേയർ ആര്യാ രാജേന്ദ്രൻ, കെ.എസ്. സുനിൽകുമാർ, മുരുകൻ കട്ടാക്കട, സിനിമാതാരം നിഖിലാ വിമൽ, പ്രഭാവർമ, മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.