ഉദിയൻകുളങ്ങര: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ കളിവിളാകം വാർഡിലെ ആറ്റൂര്‍-വേറ്റ എന്നീ സ്ഥലങ്ങളിൽ പുലിയുടെ ആക്രമണത്തിൽ നിന്ന് റബർ ടാപ്പിംഗ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആര്യൻകോട് പൊലീസ് പരിതിയിൽ ചെമ്പൂരിലെ റിട്ട. ജഡ്ജ് ധർമ്മരാജന്റെ ടാപ്പിംഗ് തൊഴിലാളി കുടയാൽ സ്വദേശി ഫ്രാൻസിസ് (51) ആണ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഫ്രാൻസിസിനെ വരട്ടിയ പുലി അപ്രതീക്ഷിതമായി മുന്നിൽഅകപ്പെട്ട പന്നിയെ പിടികൂടിയതോടെ ഫ്രാൻസിസിന് രക്ഷപ്പെടുവാനുള്ള അവസരം ലഭിക്കുകയായിരുന്നു. ആറ്റൂർ,​ വേറ്റ ഭാഗങ്ങളിൽ റബർ പുരയിടങ്ങളിൽ പുല്ല് കാടുപിടിച്ച് കിടക്കുന്നതിനാൽ പുലിക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യമുണ്ട്. പൊതുപ്രവർത്തകൻ ആറ്റൂർ അനിവിവരമറിയിച്ചതിനെ തുടർന്ന് ആര്യങ്കോട് പൊലീസും വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ചിലുള്ള ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ വിലയിരുത്തി. അടുത്തദിവസം വനം വകുപ്പ് ജീവനക്കാരെത്തി പ്രദേശം നിരീക്ഷിച്ച് കൂട് സ്ഥാപിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.