photo

നെടുമങ്ങാട്: അരുവിക്കര ജലസംഭരണി ആഴം കൂട്ടി മണലും ചെളിയും നീക്കം ചെയ്യാനുള്ള പദ്ധതി ഫയലിൽ ഉറങ്ങവേ ഡാമിലെ പ്രധാന പമ്പിംഗ് ലൈനിൽ പായലും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടി നഗരത്തിലേക്കുള്ള കുടിവെള്ളം മുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരമണിക്കൂറോളമാണ് നഗരത്തിലേക്കുള്ള ശുദ്ധ ജലവിതരണം താറുമാറായത്. നെടുമങ്ങാട് ഫയർഫോഴ്‌സ് സ്‌കൂബാ ഡൈവിംഗ് ടീമിന്റെ സാഹസിക ഇടപെടലിനെ തുടർന്നാണു പമ്പിംഗ് പുനരാരംഭിച്ചത്. തിരുവനന്തപുരം നഗരത്തിലേക്ക് പ്രതിദിനം പമ്പിംഗ് ചെയ്യുന്ന ജലത്തിന്റെ അളവ് കുറഞ്ഞു തുടങ്ങിയപ്പോഴാണ് അധികൃതർ ഫയർഫോഴ്‌സിന്റെ സഹായം തേടിയത്. ഏഴു മീറ്റർ ആഴമുള്ള സെക്ഷൻ പൈപ്പിന്റെ മൗത്തിൽ കുടുങ്ങിയ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഏറെ പണിപ്പെട്ടാണ് സേനാംഗങ്ങൾ ചാക്കിൽ ശേഖരിച്ച് മുകളിൽ എത്തിച്ചത്. പ്രതിദിനം 86 എം.എൽ.ഡി ജലം തിരുവനന്തപുരം നഗരത്തിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന 4 പൈപ്പുകളാണ് അരുവിക്കര ഡാമിൽ ഉള്ളത്. ഇതിൽ 2 സെക്ഷൻ പൈപ്പുകളിലാണ് വേസ്റ്റ് അടിഞ്ഞുകൂടിയത്. 7 മീറ്റർ ആഴമുള്ള ഡാമിൽ പമ്പിംഗ് റൂമിന്റെ ഉൾവശം വ്യക്തമല്ലാത്തതിനാൽ പമ്പിംഗ് പൂർണമായി ഓഫ്‌ ചെയ്തതിനു ശേഷമാണ് സ്‌കൂബാ ടീ ജലസംഭരണിയിൽ ഇറങ്ങിയത്. ഫയർഫോഴ്‌സ് നെടുമങ്ങാട് സ്റ്റേഷൻ ഓഫീസർ കെ.എൻ. ഷാജിയുടെ നേതൃത്വത്തിൽ സ്‌കൂബാ ടീമിലെ സുജയൻ, രതീഷ്, ദിനുമോൻ,പൊൻരാജ് എന്നീ അംഗങ്ങൾ അതിസാഹസികമായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുകയായിരുന്നു.

നിറയെ മാലിന്യം

48 ഹെക്ടർ വിസ്തൃതിയുള്ള റിസർവോയറിൽ എട്ട് മീറ്റർ ആഴത്തിൽ ജലം സംഭരിച്ചു നിറുത്താമെന്നിരിക്കെ, നാലു മീറ്ററിലും മൂന്നര മീറ്ററിലും ഒതുങ്ങിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. ആകെ സംഭരണ ശേഷിയുടെ നാല്പത് ശതമാനവും മണലും ചെളിയും പ്ലാസ്റ്റിക് മാലിന്യവുമാണെന്നാണ് റിപ്പോർട്ട്. പരമാവധി അഞ്ച് ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിച്ചു നിറുത്താനെ കഴിയുന്നുള്ളു.

പരിഹാരം അകലെ

2016ലാണ് ഇതിനു മുമ്പ് ഇവിടെ ഭാഗികമായെങ്കിലും മാലിന്യ നീക്കം നടന്നത്. ജല അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള ചുള്ളിയാർ, മംഗലം ഡാമുകളിൽ മണ്ണും എക്കലും മാലിന്യവും നീക്കം ചെയ്തത് അടുത്തിടെയാണ്. ഇതിന്റെ തുടർച്ചയായി അരുവിക്കരയിലും മാലിന്യനീക്കം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിരുന്നു. തുടർന്ന്, സർക്കാർ അനുമതി നല്കിയെങ്കിലും ആഴം കൂട്ടുമ്പോൾ കുടിനീര് കലങ്ങരുത് എന്ന കർശന ഉപാധിയാണ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. പോംവഴി ആരാഞ്ഞ് സാങ്കേതിക വിദഗ്ദ്ധർക്ക് പിന്നാലെയുള്ള അലച്ചിലിനൊടുവിൽ എക്സ്പ്രഷൻ ഒഫ് ഇന്ററസ്റ്റ് കമ്മിറ്റി നിലവിൽ വന്നെങ്കിലും പരിഹാരം അകലെയാണ്.