water

വെള്ളനാട്: വേനൽ കടുത്തതോടെ കിണറുകളും നീർച്ചാലുകളും വറ്റിത്തുടങ്ങി. വെള്ളനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുകയാണ്. കടുക്കാമൂട്, ഉറിയാക്കോട്, നെടിയവിള പ്രദേശങ്ങളിലേക്ക് പൈപ്പ് ലൈൻ നീട്ടിയെങ്കിലും കുടിവെള്ളം ഇതുവരെ എത്തിയിട്ടില്ല. മറ്റ് സ്ഥലങ്ങളിൽ പൈപ്പ്ലൈനിലൂടെ കുടിവെള്ളമെത്തിയിട്ട് ആഴ്ചകളായി. പൈപ്പ്ലൈനുകളെ മാത്രം ആശ്രയിക്കുന്നവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വിദൂരസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിൽ കുടിവെളളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് നാട്ടുകാർ. വേനൽ കനത്തതോടെ കിണറുകളിലും നീരുറവകളിലും വെള്ളമില്ലാത്ത അവസ്ഥ. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കൂടുതൽ കുടിവെള്ള ക്ഷാമമുണ്ടാകാൻ സാദ്ധ്യതയേറെയാണ്. വേനൽ ഇനിയും കനത്താൽ പഞ്ചായത്തിൽ ശുദ്ധജലക്ഷാമം വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

 കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ

ചാങ്ങ, വെളിയന്നൂർ, ചാരുപാറ, കടുവാക്കുഴി, പുനലാൽ, പുതുമംഗലം, ഊളൻകുന്ന്, കന്യാരുപാറ, കെ‌ാറ്റാമല, ചെട്ടിയാംകുന്ന്, തേവൻകോട്, മൂത്രാംകോണം, അമ്പിലിക്കുഴി, ചാത്തനാട്, കടുക്കാമൂട്, നെടിയവിള, ഉറിയാക്കോട്, വെഞ്ഞാറക്കുഴി, വട്ടവിള, അയലത്തുകോണം എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.

 പൈപ്പ്ലൈനുകൾ സ്ഥാപിച്ചിട്ടും വെള്ളമില്ല


കേന്ദ്ര പദ്ധതി ജല ജീവൻ മിഷൻ പ്രകാരം പ്രദേശങ്ങളിലെ വീടുകളിൽ പൈപ്പ് കണക്ഷനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടത്തും വെള്ളം എത്തുന്നില്ലെന്ന പരാതിയുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി പഞ്ചായത്തിനെയും വാട്ടർ അതോറിട്ടി അധികൃതരെയും സമീപിച്ചെങ്കിലും നടപടി ഉണ്ടാകുന്നില്ല. പൈപ്പ്ലൈനിലൂടെ ജലമെത്തിയില്ലെങ്കിലും കൃത്യസമയത്ത് മുടങ്ങാതെ ബില്ല് എത്തുന്നുണ്ട്. ശുദ്ധജലക്ഷാമം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറയുന്നു.