തിരുവനന്തപുരം: ചരിത്രം മാറ്റിയെഴുതപ്പെടുന്ന ഇക്കാലത്ത് സ്വാമി ആനന്ദതീർത്ഥനെക്കുറിച്ചുള്ള യത്‌നം തീർച്ചയായും അടയാളപ്പെടുത്തേണ്ടതാണെന്ന് സംവിധായകൻ മധുപാൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും ശിഷ്യനായ സ്വാമി ആനന്ദതീർത്ഥനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ മനുഷ്യർക്കുവേണ്ടി പ്രയത്നിച്ച സ്വാമി ആനന്ദതീർത്ഥന്റെ പ്രാധാന്യം ഈ ഡോക്യുമെന്ററിയിലൂടെ കാണാൻ സാധിക്കുമെന്നും മധുപാൽ പറഞ്ഞു.

'സ്വാമി ആനന്ദതീർത്ഥൻ: നിഷേധിയുടെ ആത്മശക്തി"എന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ബിന്ദു സാജൻ, അഭിജിത് നാരായണൻ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ഞികൃഷ്ണൻ മാങ്ങാടനാണ് നിർമ്മാണം. ശ്രീജിത്ത് രമണനാണ് സ്വാമി ആനന്ദതീർത്ഥനായി വേഷമിട്ടത്. കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ, ബിന്ദു സാജൻ, അഭിജിത് നാരായണൻ, കുഞ്ഞികൃഷ്ണൻ മാങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.