
വക്കം: റൂറൽ ഹെൽത്ത് സെന്ററിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, സെക്യൂരിറ്റി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം നിയമിച്ചു. ഇന്നു മുതൽ ഒ.പി രാവിലെ 9 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. പ്രവർത്തനസമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാക്കി പരിമിതപ്പെടുത്തിയതായി എ.എം.ഒ ആശുപത്രിയിൽ നോട്ടീസ് നൽകിയത് കേരളകൗമുദി വാർത്ത നൽകിയതിനെത്തുടർന്നാണ് നടപടി. വക്കം റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ ഒരു സബ് സെന്ററിന്റെ പ്രയോജനം പോലും രോഗികൾക്ക് ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. ആരംഭത്തിൽ ഒരു മിനി മെഡിക്കൽ കോളേജായിരുന്ന ഇവിടെ സ്പെഷ്യാലിറ്റി ഡോക്ടർമാരും ആധുനിക ലബോറട്ടറിയും മറ്റു സ്റ്റാഫുകളുമുണ്ടായിരുന്നു. ഒ.പി പ്രവർത്തനോദ്ഘാടനവും കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻഭവ പ്രതിവാര ആരോഗ്യ മേളയുടെ ഉദ്ഘാടനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എസ് ഫിറോസ് ലാൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിൻ മാർട്ടിൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ജൂലി സുനിൽ,ടി.ഷാജു,വക്കം പ്രകാശ്,ബ്ലോക്ക് മെമ്പർ പി.അജിത,പഞ്ചായത്ത് മെമ്പർ ജി.ജയ,എ.എം.ഒ ഡോ.ദേവരാജ്,ഹെൽത്ത് ഇൻസ്പെക്ടർ മന്നൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച ത്വക്ക്,ശ്വാസകോശം,നേത്രം എന്നിവയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനിമുതൽ ലഭ്യമായിരിക്കും.