k
നിഖിൽ ഗവർണർക്കൊപ്പം

തിരുവനന്തപുരം: 'പുതുതലമുറ നിഖിലിനെ മാതൃകയാക്കണം. നാടിന്റെ അഭിമാനമാണ് നിഖിൽ. " ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകൾ കേട്ട് നിഖിലിന്റെ കണ്ണുകൾ നിറഞ്ഞു. അപ്പോൾ ഗവർണർ പറഞ്ഞു: 'ഏത് സമയത്തും എന്ത് ആവശ്യത്തിനും രാജ്ഭവനിലേക്കു വരാം..."

ഓട്ടിസമുള്ള 16കാരൻ അനുജൻ അപ്പുവിന്റെയും പാർക്കിൻസൻസ് ബാധിച്ച അമ്മ ഷീബയുടെയും മുഴുവൻ കാര്യങ്ങളും നോക്കുന്നത് നിഖിലാണ്. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‌‌ർത്ഥി നിഖിലിനെ കുറിച്ച് കേരളകൗമുദി ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പഠനത്തിനൊപ്പം അനുജനെ ഉറക്കുന്നതും ഊട്ടുന്നതും കുളിപ്പിക്കുന്നതും അമ്മയ്ക്ക് മരുന്ന് നൽകുന്നതും 18കാരൻ നിഖിലാണ്. വാർത്ത വായിച്ചറിഞ്ഞ ഗവർണർ നിഖിലിനെ വിളിപ്പിച്ചു. രാജ്ഭവനിൽ ഇന്നലെ ഉച്ചയ്ക്ക് നിഖിലിനെയും അപ്പുവിനെയും അമ്മയെയും കാണാൻ ഗവർണർ കാത്തിരുന്നു. പഠനകാര്യവും എപ്പോഴും പോസിറ്റീവായി ഇരിക്കുന്നതിലെ രഹസ്യവും നിഖിലിനോട് ഗവർണർ ചോദിച്ചു. മധുരവും ചായയും സ്വന്തം കൈകൊണ്ട് നൽകി. അപ്പുവിന്റെ അസുഖത്തെക്കുറിച്ചും ചോദിച്ചു. ഇങ്ങനെയൊരു മകനെ ലഭിച്ചത് പുണ്യമായി കരുതുന്നുവെന്ന് നിഖിലിന്റെ അമ്മ ഗവർണറോട് പറഞ്ഞു. സംഭാഷണം മുക്കാൽ മണിക്കൂർ നീണ്ടു. ഷീബയ്ക്ക് സാരിയും നിഖിലിനും അപ്പുവിനും ഷർട്ടിനും പാന്റ്സിനുമുള്ള തുണിയും നൽകിയാണ് ഗവർണർ യാത്രഅയച്ചത്. ഇന്ന് പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന നിഖിലിന് വിജയാശംസകളും നൽകി. 2015ൽ അച്ഛൻ വിനോദിന്റെ ആകസ്മിക മരണമാണ് കുടുംബത്തെ ഇരുട്ടിലാക്കിയത്. കേശവദാസപുരത്ത് വാടകയ്ക്കാണ് താമസം.

നിഖിലിന് കനിവിൻ പ്രവാഹം

ഷെഫ് ആകാൻ കൊതിക്കുന്ന നിഖിലിനെ ഷെഫ് സുരേഷ് പിള്ളയും വിളിച്ചിരുന്നു. ഷെഫ് കോഴ്സിൽ ഇന്റേൺഷിപ്പ് ചെയ്യാനും പഠനത്തിനുമുള്ള സഹായം വാഗ്ദാനം ചെയ്തു. ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലായിരിക്കും പഠനം. മിടുക്കനായി പഠിക്കണമെന്നും ബംഗളൂരുവിൽ കാണാൻ വരാമെന്നും ഗവർണർ നിഖിലിന് വാക്കുനൽകി. വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും അറിയിച്ചു. നിഖിലിന് ഫീസ് ഇളവും തുടർപഠനത്തിനുള്ള എല്ലാ സഹായവും നൽകുമെന്ന് സ്കൂൾ മാനേജ്മെന്റും അറിയിച്ചു. വാർത്ത മുഖ്യധാരയിൽ കൊണ്ടുവന്ന കേരളകൗമുദിക്ക് നിഖിലും കുടുംബവും നന്ദി പറ‌ഞ്ഞു.