തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കാഴ്ചയുടെ വിരുന്നൊരുക്കി നൂറോളം കോലങ്ങൾ. കേരള ബ്രാഹ്മണസഭ ജില്ലാ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ രാവിലെ നടത്തിയ കോലം മത്സരത്തിൽ പ്രായഭേദമെന്യേ 100ഓളം വനിതകൾ പങ്കെടുത്തു. ക്ഷേത്രദർശനത്തിന് എത്തിയവരും മത്സരത്തിന്റെ കാഴ്ചക്കാരായി. ജൂനിയർ, സൂപ്പർ സീനിയർ, ജനറൽ എന്നീ മുന്നു വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. നാലടി നീളവും നാലടി വീതിയുമുള്ള ചതുരത്തിൽ വരക്കോലം (കന്യാക്കോലം) മാത്രമാണ് വരയ്ക്കാൻ അനുവദിച്ചത്. ആർക്കിടെക്ടും ഐ.ഐ.ഐ.ഡി ചെയർപേഴ്സണുമായ ചിത്ര അയ്യർ മുഖ്യാതിഥിയായി. ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്.ഗണേഷ്, ജില്ലാ പ്രസിഡന്റ് ടി.എസ്.മണി, ജില്ലാ സെക്രട്ടറി ആർ.സുരേഷ്, ഗോമതി അമ്മാൾ, പ്രസിഡന്റ് രാധാ രംഗൻ, സെക്രട്ടറി രാജലക്ഷ്മി. പി.അയ്യർ, കൺവീനർ രമ.കെ. അയ്യർ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സമ്മാനത്തിന് (10,000 രൂപ) തളിയൽ ഉപസഭയും രണ്ടാം സമ്മാനത്തിന് (7,500 രൂപ) കരമന ഉപസഭയും മൂന്നാം സമ്മാനത്തിന് (5,000 രൂപ) വലിയശാല ഉപസഭയും അർഹരായി.
തലപ്പൊക്കത്തിൽ രാധ
ഉയരക്കുറവ് ജീവിതത്തിൽ പ്രതിസന്ധിയായപ്പോഴും കോലം മത്സരത്തിലെ നിറസാന്നിദ്ധ്യമായി കോട്ടയ്ക്കകം സ്വദേശി രാധാ. കുഞ്ഞുനാൾ മുതൽ കോലം വരയ്ക്കും. 65-ാം വയസിലും നിറുത്തിയില്ല. സമ്മാനം ലഭിക്കുന്നതിലല്ല പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് രാധ പറയുന്നു.