
തിരുവനന്തപുരം: ബൂത്ത് തലത്തിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ നിർദ്ദേശം. ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടുദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് പോഷക സംഘടനകളുടെ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിലാണ് നിർദ്ദേശം.
ആദ്യ ദിനം മഹിളാ കോൺഗ്രസ്, കെ.എസ്.യു,യൂത്ത് കോൺഗ്രസ്,കെ.പി.സി.സി ഡിജിറ്റൽ മീഡിയ ഭാരവാഹികളുമായും രണ്ടാം ദിനം കെ.പി.സി.സി മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ്, ഐ.എൻ.ടി.യു.സി, ദളിത് കോൺഗ്രസ്,സേവാദൾ,സംസ്ഥാന വാർ റൂമിന്റെ ചുമതല വഹിക്കുന്നവർ എന്നിവരുമായുമാണ് കൂടിക്കാഴ്ച നടത്തിയത്. നിയോജക മണ്ഡലങ്ങളിലും ബ്ലോക്ക് മണ്ഡലം, ബൂത്തു തലങ്ങളിലും പ്രത്യേക സ്ക്വാഡുകളായി പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ പാർട്ടിപ്രവർത്തകർ വീടുകൾ കയറി ജനങ്ങളോട് വിശദീകരിക്കണം. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ പോഷക സംഘടനകൾക്ക് വലിയ പങ്കാണുള്ളതെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
കെ.പി.സി.സി ഭാരവാഹികളായ ടി.യു.രാധാകൃഷ്ണൻ,കെ.ജയന്ത്,ജി.എസ്.ബാബു,പഴകുളം മധു , ഡിജിറ്റൽ മീഡിയ ചെയർമാൻ വി.ടി .ബൽറാം, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
കരട് പ്രകടനപത്രിക ഫെബ്രു. പകുതിയോടെ : ശശി തരൂർ
തിരുവനന്തപുരം: 2024ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കാൻ പൊതുജനങ്ങളുടെ അഭിപ്രായം തേടി യോഗം ചേർന്നു. പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ മേഖലകളിലുള്ളവർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ഫെബ്രുവരി 15ഒാടെ കരട് പ്രകടനപത്രിക തയ്യാറാക്കുമെന്ന് ശശി തരൂർ പറഞ്ഞു.
സുപ്രീംകോടതി, യു.ജി,സി, ആർ.ബി.ഐ പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കണമെന്ന് ആക്ടിവിസ്റ്റായ സി.ആർ. നീലകണ്ഠൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണം. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാർഷികമേഖലയുടെ ഉന്നമനത്തിനായി കർഷക ബജറ്റ് വേണമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോൺ പറഞ്ഞു. റെയിൽവേ ബജറ്റ് തിരിച്ചുകൊണ്ടുവരണം. നെല്ല്, തേങ്ങ എന്നീ വിളകൾ മാത്രമാണ് കേരളത്തിൽ സംഭരിക്കുന്നത്. മൂന്നാമത്തെ വിളയായി റബർ കൂടി സംഭരിക്കണം. പി.ആർ.എസ് വായ്പയ്ക്ക് പകരം കർഷകരുടെ അക്കൗണ്ടിലേക്ക് പണം നൽകണം. ആദിവാസികൾക്ക് സംരംഭങ്ങൾക്ക് പരിശീലനം നൽകണം. വയനാട്ടിൽ ആദിവാസി സർവകലാശാല സ്ഥാപിക്കണമെന്നും മേരി ജോൺ നിർദ്ദേശിച്ചു.
ജി.ഡി.പിയുടെ 10 ശതമാനം സാമൂഹ്യസുരക്ഷയ്ക്കായി മാറ്റിവയ്ക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കർഷകരുടെ കാർഷികചെലവുകൾക്ക് 50 ശതമാനം സബ്സിഡി നൽകണം. പൊതുമേഖലാ കമ്പനികളെ കാര്യക്ഷമമാക്കണം.
ദേശീയ ഇൻഷുറൻസ് പദ്ധതി വേണമെന്ന് നോർക്ക റൂട്ട്സ് മുൻ സി.ഇ.ഒ പി. സുധീപ് നിർദ്ദേശിച്ചു. മുതിർന്ന പൗരൻമാർക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം. അവർക്കായി എല്ലാ താലൂക്കിലും കെയർ സെന്ററുകൾ സ്ഥാപിക്കണം. 10 ലക്ഷം രൂപയുടെ ആദായനികുതി ഇളവവും നൽകണം. 10 ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളണം. വിദേശത്തേക്ക് വിദ്യാർത്ഥികളുടെ കുടിയേറ്റം തടയാൻ നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിൽ സാദ്ധ്യതയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, കെ. ജയന്ത്, ദീപ്തി മേരി വർഗീസ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രതാപനെ തിരുത്തി ഡി.സി.സി പ്രസിഡന്റ്
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന ടി.എൻ.പ്രതാപൻ എം.പിയുടെ പരാമർശം തിരുത്തി ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ. രാജ്യത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെങ്കിലും കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുമായാണ് കോൺഗ്രസിന്റെ മത്സരം. സംഘപരിവാർ ശക്തികളിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനം. തൃശൂരിൽ കോലീബി സംഖ്യമുണ്ടെന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ പരാമർശം അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയുമായി അവർക്കാണ് അവിഹിത സഖ്യം. നരേന്ദ്ര മോദി കേരളത്തിൽ വന്നശേഷം കോൺഗ്രസ് പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഇരുപത് സീറ്റും യു.ഡി.എഫ് നേടും. സ്ഥാനാർത്ഥികളുടെ പേര് ഒഴിവാക്കി പ്രചാരണം നടത്താനാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ.സുധാകരൻ24ന് തിരിച്ചെത്തും
തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ ചികിത്സയ്ക്ക് പോയിട്ടുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി 24ന് തലസ്ഥാനത്ത് തിരിച്ചെത്തും. ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ള അദ്ദേഹം സംഘടനാകാര്യങ്ങളിൽ വീണ്ടും സജീവമാവും.
എന്നാൽ കെ.പി.സി.സി നിശ്ചയിച്ചിട്ടുള്ള സമരാഗ്നിജാഥ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ സമ്മേളനം ഈ മാസം 25 ന് തുടങ്ങുന്നതിനാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് വിട്ടുനിൽക്കാനാവില്ല. ഫെബ്രുവരി അഞ്ചിനാണ് ബഡ്ജറ്റ് അവതരണം. അതിനാൽ പ്രതിപക്ഷ നേതാവിന്റെ സൗകര്യം കൂടി പരിഗണിച്ചാവും സമരാഗ്നിജാഥയുടെ തീയതി നിശ്ചയിക്കുക.