chandiumman-udhgadanam-ch

ആറ്റിങ്ങൽ: ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാതെ ധൂർത്തും അഴിമതിയും നടത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തോളമെത്തിയിട്ടും മൂന്നു വർഷമായി ഡി.എ. പോലും നൽകാതെയും നിയമനാംഗീകാരം തടഞ്ഞുവച്ചുമുള്ള പ്രതികാരമനോഭാവമാണ് സർക്കാർ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡന്റ് റ്റി.യു. സഞ്ജീവ് അദ്ധ്യക്ഷനായി. ജി.എസ്.റ്റി.യു. മുൻ പ്രസിഡന്റ് ജെ. ശശി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, എക്സിക്യുട്ടീവ് അംഗങ്ങളായ ആർ. ശ്രീകുമാർ, എൻ. സാബു, എ.ആർ. ഷമീം, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൺ തുടങ്ങിയവർ സംസാരിച്ചു. വിരമിച്ച അദ്ധ്യാപകരെയും പൊതു പരീക്ഷകളിലും മറ്റും മികവ് തെളിയിച്ച കുട്ടികളേയും അനുമോദിച്ചു. ഭാരവാഹികളായി പി. രാജേഷ് (പ്രസിഡന്റ്), ആർ.എ. അനീഷ് (സെക്രട്ടറി), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.