
തിരുവനന്തപുരം: സഹകരണ മേഖലയിൽ നടക്കാൻ പാടില്ലാത്ത തെറ്റായ കാര്യങ്ങൾ
ഒരു സ്ഥാപനത്തിൽ നടന്നെന്നും എന്നാൽ അന്വേഷണത്തിനെത്തിയ ഇ.ഡിയുടെ നിലപാട് ഒന്നാം പ്രതിയെ സംരക്ഷിക്കുന്നതായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കരുവന്നൂർ സഹകരണ ബാങ്കിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ ഇടപെട്ട ഒന്നാം പ്രതി സ്ഥാനത്തിരിക്കേണ്ട ആളെ മാപ്പുസാക്ഷിയാക്കിയതിന്റെ ഉദ്ദേശ്യം എന്താണ്. തെറ്റു ചെയ്തയാളെ മാപ്പുസാക്ഷിയാക്കി ആരെയാണ് രക്ഷിക്കാൻ നോക്കുന്നത്. രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചാരണത്തിനുള്ള കരുക്കൾ ഇയാളിൽ നിന്ന് കിട്ടണമെന്നതാണ് ഇ.ഡിയുടെ ലക്ഷ്യം. സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന ഒൻപതാമത് സഹകരണ കോൺഗ്രസ് കനകക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നത്. സമൂഹത്തിൽ പലർക്കും വല്ലാത്ത ആർത്തിയാണ്. കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടാതെ ഉറച്ചുനിൽക്കണം. വളർച്ച കൈവരിച്ചു മുന്നോട്ടു പോകുന്നതിനിടയിൽ ഒറ്റപ്പെട്ട ഇടങ്ങളിലുണ്ടായ ദുഷിച്ച പ്രവണതയാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ. സഹകരണമേഖലയിൽ എല്ലാകാര്യങ്ങളും കൂട്ടമായി നടക്കുന്നതുകൊണ്ട് വ്യക്തിപരമായി അഴിമതി നടത്താൻ അത്രകണ്ട് പറ്റില്ല. എന്നാൽ, കുറേക്കാലം തുടരുമ്പോൾ ചിലർ ദുഷിച്ച പ്രവണതയ്ക്ക് ഇരയാവും.
അഴിമതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ ഉണ്ടാകില്ല. തെറ്റുകാരെ ശിക്ഷിക്കുകയും സഹകരണ സംഘത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് തുടരും. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കുന്നുണ്ട്.
മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി.വി.സുഭാഷ്, സഹകരണ യൂണിയൻ അഡി.രജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.