
തിരുവനന്തപുരം: സർക്കാർ ജോലികളിൽ ഭിന്നശേഷിക്കാർക്ക് നടപ്പാക്കിയ സംവരണം അട്ടിമറിക്കുന്നതായി കോൺഗ്രസ് പ്രവർത്തക സമിതിഅംഗം ശശിതരൂർ. എല്ലാ മേഖലകളും ഭിന്നശേഷി സൗഹൃദമാക്കണം. അംഗപരിമിതർക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ സർക്കാരും സമൂഹവും പൂർണ്ണമായും അംഗീകരിച്ച് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ആസ്ഥാനത്ത് ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസിന്റെ 14ാം സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശിതരൂർ.
സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്ക് കൂടുതൽ തൊഴിൽ നൽകിയതിന് സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച തിരുവനന്തപുരം ജില്ലാ വികലാംഗ ക്ഷേമ പ്രിന്റിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൊറ്റാമം വിമൽ കുമാർ, കർഷക അവാർഡ് നേടിയ അനിൽ വെറ്റിലകണ്ടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ഊരൂട്ടമ്പലം വിജയൻ, ഹനീഫ കുഴുപ്പിള്ളി എന്നിവരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഊരൂട്ടമ്പലം വിജയൻ സ്വാഗതം പറഞ്ഞു.
ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാർ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ജി.എസ്. ബാബു, യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, ഡി.സി.സി വൈസ് പ്രസിഡന്റ് ഹരിദാസ്, സി.എസ് തോമസ്, പി.പി ചന്ദ്രൻ, അനിൽ വെറ്റിലകണ്ടം, ബിനു ഏഴാകുളം, സജീവൻ മേച്ചേരി, ഷാനിഖാൻ എന്നിവർ സംസാരിച്ചു.