
ചിറയിൻകീഴ്: ചിറയിൻകീഴ് മേൽപ്പാല നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയെങ്കിലും പ്രവർത്തന സജ്ജമാകാൻ ഇനിയും മാസങ്ങളെടുക്കും.
ഇതിൽ ചിറയിൻകീഴ് റെയിൽവേ ഗേറ്റിനു സമീപത്തെ നിർമാണത്തിനാണ് കാലതാമസമെടുക്കുന്നത്. റെയിൽവേ ലൈനിന് അപ്പുറവും ഇപ്പുറവുമായി എട്ട് പില്ലറുകളാണ് ഇവിടെ നിർമിക്കുന്നത്. ഇവ തമ്മിൽ കണക്റ്റ് ചെയ്ത് റെയിൽവേ ലൈനിന് മുകളിലൂടെ ഗർഡറുകൾ സ്ഥാപിച്ച് അവയ്ക്ക് മുകളിൽ സ്ലാബിടേണ്ടതുണ്ട്. പാളങ്ങൾക്ക് ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റ് തൂണുകളുടെ പണി റെയിൽവേ പൂർത്തീകരിച്ചു. പൈൽ ക്യാപ്പ് നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇത് പൂർത്തിയാകും. ഈ ഭാഗത്തേക്കുള്ള കോമ്പോസിറ്റ് ഗർഡറുകളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞതായും അടുത്തമാസം തന്നെ അവ എത്തിക്കുമെന്നുമാണ് റെയിൽവേ പറയുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ കരാർ പ്രകാരമുള്ള ജോലികൾ പൂർത്തിയാകാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടിവരും.
 നിർമ്മാണം അവസാനഘട്ടത്തിൽ
റെയിൽവേ ഭാഗം ഒഴികെ 11 സ്പാനുകളിലെ തൊണ്ണൂറുശതമാനം പണികളും നാല്പത്തഞ്ച് ശതമാനം ഡ്രെയിനേജ് ജോലികളും പൂർത്തിയായി. സൈഡ് വാൾ നിർമ്മാണവും അവസാനഘട്ടത്തിലാണ്. മേൽപ്പാലത്തിന്റെ നിർമാണത്തിനായി കിഫ്ബിയിൽ നിന്നു 25 കോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായി കേരളത്തിൽ നിർമിക്കുന്ന ആദ്യത്തെ മേൽപ്പാലമാണിത്.
 ഗതാഗത യോഗ്യമല്ലാതെ അപ്രോച്ച്റോഡ്
മേൽപ്പാലത്തിന്റെ വശങ്ങളിൽ രണ്ടുവരി നടപ്പാതയും ഉണ്ടാകും. 2021 നവംബറിൽ ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിർമ്മാണോദ്ഘാടനം നടന്നത്. വലിയകടയ്ക്കും പണ്ടകശാലയ്ക്കും ഇടയ്ക്ക് 800 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ലാൻഡിംഗ് അടക്കം മറ്റ് അനുബന്ധ ജോലികൾ ഇവിടെ തീർക്കേണ്ടതായുണ്ട്. അപ്രോച്ച് റോഡ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണിപ്പോൾ. ഇതിലൂടെ വേണം നൂറുക്കണക്കിന് പേർക്ക് സഞ്ചരിക്കാൻ. ചിറയിൻകീഴ്-കടയ്ക്കാവൂർ റൂട്ടിലെ വാഹനങ്ങളെല്ലാം ശാർക്കര നായർ കരയോഗം-പണ്ടകശാല റോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ശാർക്കര ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ ശാർക്കര ക്ഷേത്ര പറമ്പിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.